കേരളം

kerala

വിശ്വകപ്പിലെ മെസിപ്പടമുത്തത്തിന് ഒരാണ്ട് ; പെനാല്‍റ്റി നെഞ്ചിടിപ്പിന്‍റെ മാരകവേര്‍ഷനൊടുവില്‍ ലുസൈലില്‍ ആല്‍ബിസെലസ്റ്റകളുടെ നീലവസന്തം

By ETV Bharat Kerala Team

Published : Dec 18, 2023, 2:09 PM IST

Qatar World cup 2022: ഖത്തറില്‍ അര്‍ജന്‍റീന ഫിഫ ലോകകപ്പ് വിജയിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു മെസിപ്പടയുടെ കിരീട നേട്ടം.

Argentina vs France final  Lionel Messi  Qatar World cup 2023  Argentina win Qatar World cup 2022  FIFA world Cup 2022  Lionel Messi  Argentina Football Team  Kylian Mbappe goals in Qatar World cup final  ഖത്തര്‍ ലോകകപ്പ് 2022  അര്‍ജന്‍റീന ഫിഫ ലോകകപ്പ് 2022  അര്‍ജന്‍റീന vs ഫ്രാന്‍സ്  കിലിയന്‍ എംബാപ്പെ  ലയണല്‍ മെസി
Qatar World cup 2022 Argentina vs France final Lionel Messi

ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി. ഇതിഹാസമെന്ന പൂര്‍ണതയിലേക്ക് ലയണല്‍ മെസിയുടെ (Lionel Messi) ഉയര്‍ച്ച. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തില്‍ ആല്‍ബിസെലസ്റ്റകള്‍ നീലവസന്തം തീര്‍ത്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. (Argentina win Qatar World cup 2022)

ഫിഫ ലോകകപ്പിന്‍റെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു ലയണല്‍ മെസിയുടേയും സംഘത്തിന്‍റെയും കിരീട നേട്ടം. കൊണ്ടും കൊടുത്തും ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിധിയെഴുത്തുണ്ടായത്.

ആര്‍ത്തലച്ച നീലക്കടലിന് നടുവില്‍ ഏറെ നാടകീയമായാണ് 2022 ഡിസംബര്‍ 18-ന്‍റെ രാത്രി കടന്നുപോയത്. മത്സരത്തിന്‍റെ ആദ്യ പകുതി ചിരി മിശിഹയ്‌ക്കും മാലാഖയ്‌ക്കുമൊപ്പമായിരുന്നു. 23-ാം മിനിട്ടില്‍ മെസിയുടെ അര്‍ജന്‍റീന (Argentina Football Team) മുന്നിലെത്തി. എയ്‌ഞ്ചല്‍ ഡി മരിയയെ ഡെംബലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

പിന്നീട് കൂടുതല്‍ ആവേശത്തോടെ ആക്രമിച്ച നീലപ്പട 36-ാം മിനിട്ടില്‍ ലീഡുയര്‍ത്തി. എയ്‌ഞ്ചല്‍ ഡി മരിയായിരുന്നു ലക്ഷ്യം കണ്ടത്. മറുവശത്ത് ഫ്രഞ്ച് പടയുടെ മുന്നേറ്റ നിര താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ ആദ്യ പകുതിയില്‍ തന്നെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതനായി. ഡെംബലെ, ജിറൂഡ് എന്നിവരെ തിരികെ കയറ്റിയ ദെഷാംപ്‌സ് മാര്‍ക്കസ് തുറാം, റന്‍ഡല്‍ കൊലോ മുവാനി എന്നിവരെയാണ് കളത്തിലേക്ക് ഇറക്കിവിട്ടത്.

പിന്നീട് തിരിച്ചടിക്കാന്‍ ഫ്രാന്‍സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അര്‍ജന്‍റൈന്‍ പ്രതിരോധം ആദ്യ പകുതിയില്‍ ഉലയാതെ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും മെസിപ്പട ആധിപത്യം പുലര്‍ത്തി. എന്നാല്‍ പിന്നീട് കിലിയന്‍ എംബാപ്പെയുടെ തുടര്‍പ്രഹരമേറ്റതോടെ ഗ്യാലറിയിലെ നീലക്കടലില്‍ ഏറെ നേരം തിരയടങ്ങി. 80, 81 മിനിട്ടുകളിലായിരുന്നു എംബാപ്പെ അര്‍ജന്‍റൈന്‍ ബോക്‌സിലേക്ക് പന്ത് കയറ്റിയത്.

ALSO READ:'വീട്ടില്‍ കയറി' മാഞ്ചസ്റ്റര്‍ സിറ്റിയെ 'പൂട്ടി' ക്രിസ്റ്റല്‍ പാലസ്, ചെല്‍സിയ്‌ക്കും ന്യൂകാസിലിനും ജയം

അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്‍റെ 108-ാം മിനിട്ടില്‍ മെസി ഗോളടിച്ചതോടെ അര്‍ജന്‍റീന വീണ്ടും മുന്നില്‍. എന്നാല്‍ 118-ാം മിനിട്ടില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സിന്‍റെ മറുപടി. (Kylian Mbappe goals in Qatar World cup final) ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ 120 മിനിട്ടുകള്‍ക്ക് ശേഷം ഇരു ടീമുകളും 3-3ന് സമനില തുടര്‍ന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക്. ഒടുവില്‍ 4-2ന് അര്‍ജന്‍റീനയുടെ വിജയം. ഗോളടിച്ചും അടിപ്പിച്ചും വിമര്‍ശകര്‍ക്കുള്ള മെസിയുടെ മറുപടി. ഒപ്പം ലോകഫുട്ബോളിന്‍റെ സിംഹാസനത്തിലേക്ക് സ്ഥാനാരോഹണവും.

ABOUT THE AUTHOR

...view details