പാരീസ്: ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്ക് പത്താം കിരീടം. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പിഎസ്‌ജി കിരീടം തിരിച്ചു പിടിച്ചത്. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെ ആണ് പിഎസ്‌ജി കിരീടം ഉറപ്പിച്ചത്.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68-ാം മിനിറ്റിൽ ലയണല്‍ മെസിയാണ് പിഎസ്‌ജിക്ക് ലീഡ് നല്‍കിയത്. നെയ്‌മറിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 88-ാം മിനിറ്റിൽ ജീനിലൂടെയാണ് ലെന്‍സ് സമനില നേടിയത്.
ലീഗില്‍ നാലു മത്സരങ്ങള്‍ ബാക്കിയിരിക്കെയാണ് പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂർണമെന്‍റുകളിലെല്ലാം പുറത്തായ പിഎസ്‌ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലയണൽ മെസിക്ക് ലാലിഗയല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്. ഈ കിരീട നേട്ടത്തോടെ സെന്‍റ് എറ്റിയനൊപ്പം ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടുന്ന ടീമെന്ന നേട്ടവും പിഎസ്‌ജി സ്വന്തമാക്കി.
ബുന്ദസ് ലീഗിൽ ബയേണ്‍;ചിരവൈരികളായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ തോൽപ്പിച്ച് തുടര്‍ച്ചയായ പത്താം ലീഗ് കിരീടത്തിൽ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണ്‍ ഡോര്‍ട്‌മുണ്ടിനെ മറികടന്നത്. ഗ്‌നാബ്രി, ലെവൻഡോസ്‌കി, ജമാൽ മുസിയേല എന്നിവർ ബയേണായി സ്കോർ ചെയ്‌തപ്പോൾ എമ്രേ കാനാണ് പെനാല്‍റ്റിയിലൂടെ ഡോര്‍ട്‌മുണ്ടിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ALSO READ:പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് രക്ഷയില്ല; ആഴ്‌സണലിനതിരെ ഒന്നിനെതിരെ മൂന്ന് ഗോള്‍ തോല്‍വി
31 കളിയില്‍ ബയേണിന് 75ഉം ബൊറൂസിയക്ക് 63ഉം പോയിന്‍റുണ്ട്. കിരീടം ഉറപ്പിക്കാന്‍ ബൊറൂസിയക്കെതിരെ ബയേണിന് സമനില മാത്രം മതിയായിരുന്നു. സീസണില്‍ ഇനി 3 കളി ബാക്കിയുണ്ട്. യൂറോപ്പിലെ 5 മുന്‍നിര ലീഗുകളില്‍ തുടര്‍ച്ചയായി 10 കിരീടം നേടിയ ആദ്യ ടീമാണ് ബയേണ്‍. ബയേണിന്‍റെ 32-ാം ജർമ്മൻ ലീഗ് കിരീടമാണിത്. 9 ലീഗ് കിരീടമുള്ള നുൻബർഗും, 8 ലീഗ് കിരീടം ഉള്ള ഡോർട്‌മുണ്ടും ബയേണിനെക്കാൾ പിറകിലാണ്.