കേരളം

kerala

ETV Bharat / sports

ഗോളടിച്ചും അടിപ്പിച്ചും മെസിയും എംബാപ്പെയും; ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയെ മുക്കി പിഎസ്‌ജി

ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പിഎസ്‌ജി. കിലിയന്‍ എംബാപ്പെ, ലയണല്‍ മെസി എന്നിവരാണ് പിഎസ്‌ജിക്കായി ഗോളടിച്ചത്.

PSG vs Marseille Highlights  PSG  Marseille  Lionel Messi  Kylian Mbappe  french league  പിഎസ്‌ജി  മാഴ്‌സെ  ഫ്രഞ്ച് ലീഗ്  ലയണല്‍ മെസി  കിലിയന്‍ എംബാപ്പെ
ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയെ മുക്കി പിഎസ്‌ജി

By

Published : Feb 27, 2023, 10:19 AM IST

പാരീസ്: ഫ്രഞ്ച് ലീഗില്‍ ചിരവൈരികളായ മാഴ്‌സെയ്‌ക്കെതിരെ പിഎസ്‌ജിക്ക് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മാഴ്‌സെ പിഎസ്‌ജിക്ക് മുന്നില്‍ കീഴടങ്ങിയത്. ലയണല്‍ മെസി- കിലിയന്‍ എംബാപ്പെ കൂട്ടുകെട്ടാണ് പിഎസ്‌ജിക്ക് മിന്നും ജയമൊരുക്കിയത്.

എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മെസിയുടെ വകയാണ് പിഎസ്‌ജിയുടെ പട്ടികയിലെ മറ്റൊരു ഗോള്‍. എംബാപ്പെയുടെ ഗോളുകള്‍ക്ക് മെസിയും മെസിയുടെ ഗോളിന് എംബാപ്പെയുമാണ് വഴിയൊരുക്കിയത്. മത്സരത്തിന്‍റെ 25ാം മിനിട്ടില്‍ തന്നെ എംബാപ്പെ പിഎസ്‌ജിയെ മുന്നിലെത്തിച്ചു.

സ്വന്തം പകുതിയില്‍ നിന്നും പന്തുമായി മുന്നേറിയ മെസി നല്‍കിയ പാസ് അനായാസം താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 29ാം മിനിട്ടിലാണ് മെസിയുടെ ഗോള്‍ വന്നത്. ബോക്‌സിനകത്ത് നിന്നും എംബാപ്പെ നല്‍കിയ പന്തിലാണ് അര്‍ജന്‍റൈന്‍ താരത്തിന്‍റെ ഗോള്‍ നേട്ടം.

മെസിയുടെ ക്ലബ് കരിയറിലെ 700ാം ഗോളാണിത്. മത്സരത്തിന്‍റെ 55ാം മിനിട്ടിലാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് നിന്നും മെസി ഉയര്‍ത്തി നല്‍കിയ പന്ത് നിലം തൊടും മുമ്പ് തന്നെ 24കാരന്‍ വലയില്‍ കയറ്റുകയായിരുന്നു. പിഎസ്‌ജിക്കായുള്ള എംബാപ്പെയുടെ 200ാം ഗോളാണിത്.

ഇതോടെ പിഎസ്‌ജിക്കായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന എഡിസണ്‍ കവാനിയുടെ റെക്കോഡിനൊപ്പമെത്താനും എംബാപ്പെയ്‌ക്ക് കഴിഞ്ഞു. 301 മത്സരങ്ങളില്‍ നിന്നാണ് കവാനി പിഎസ്‌ജിക്കായി 200 ഗോളുകള്‍ നേടിയത്. എന്നാല്‍ 246 എംബാപ്പെയുടെ 246ാം മത്സരമായിരുന്നുവിത്.

വിജയത്തോടെ പോയിന്‍റ് ടേബിളില്‍ തലപ്പത്ത് തുടരുകയാണ് പിഎസ്‌ജി. 25 മത്സരങ്ങളില്‍ നിന്നും 60 പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് തുടരുന്ന മാഴ്‌സെയ്‌ക്ക് 25 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റാണുള്ളത്.

ALSO READ:'ബ്രിങ്ങിങ് ഇറ്റ് ഹോം' കറബാവോ കപ്പ് ഫൈനലില്‍ ന്യൂകാസിലിനെ വീഴ്ത്തി, കിരീട വരള്‍ച്ച അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ABOUT THE AUTHOR

...view details