പാരിസ്:ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ കുതിപ്പിന് ഊര്‍ജമായ ചെല്‍സിയുടെ ഹകീം സിയെച്ചിനെ സ്വന്തമാക്കാന്‍ പിഎസ്‌ജി. വോള്‍വ്‌സിലേക്ക് ചേക്കേറിയ പാബ്ലോ സരബിയയ്ക്ക് പകരക്കാരനായാണ് പിഎസ്‌ജി 29കാരനെ നോട്ടമിട്ടിരിക്കുന്നത്. 2025 വരെ ചെല്‍സിയുമായി കരാറുണ്ടെങ്കിലും ടീമിന്‍റെ ആദ്യ ഇലവനില്‍ കാര്യമായ അവസരം താരത്തിന് ലഭിച്ചിരുന്നില്ല.
2020ല്‍ അയാക്‌സില്‍ നിന്നുമെത്തിയ ഹകീം സിയെച്ചിന് സീസണില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി വെറും ആറ് മത്സരങ്ങളിലാണ് ചെല്‍സിയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്. സീസണിലെ കിതപ്പ് മാറ്റാന്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ചെല്‍സിയില്‍ ജോഡോ ഫെലിക്‌സ്, മിഖായിലോ മുദ്രിക് ഉള്‍പ്പെടെയുള്ള താരങ്ങളെത്തിയതോടെയാണ് ഹകീം സിയെച്ചിന്‍റെ കൈമാറ്റത്തിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.