ന്യൂഡല്‍ഹി: റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പിടി ഉഷയ്‌ക്ക് പരാതി. ബ്രിജ് ഭൂഷൺ ശരൺ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമരം ചെയ്യുന്ന റസ്‌ലിങ് താരങ്ങളാണ് പരാതി നല്‍കിയത്. ലൈംഗികാതിക്രമത്തിന് പുറമെ സാമ്പത്തിക ക്രമക്കേടുകളും ബിജെപി എംപികൂടിയായ ബ്രിജ് ഭൂഷണെതിരെ അത്‌ലറ്റുകള്‍ ആരോപിക്കുന്നുണ്ട്.
ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ബ്രിജ് ഭൂഷൺ രാജിവയ്‌ക്കണമെന്നും ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വിഷയത്തില്‍ നേരത്തെ തന്നെ പിടി ഉഷ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ ഉത്കണ്ഠാജനകവും അസ്വസ്ഥതപ്പെടുത്തുന്നതാണെന്നുമാണ് ഉഷ പ്രതികരിച്ചത്. രാജ്യത്തെ വനിത കായികതാരങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും. നീതി ഉറപ്പാക്കാന്‍ ശരിയായ അന്വേഷണം ഉറപ്പാക്കുമെന്നും അവര്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.
അതേസയം ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിന്‍റെയും പരിശീലകരുടെയും ലൈംഗിക ചൂഷണത്തിനും ഭീഷണിപ്പെടുത്തലിനും എതിരെ ജന്തർ മന്ദറിൽ ബുധനാഴ്‌ച ആരംഭിച്ച അത്‌ലറ്റുകളുടെ സമരം ശക്തമാവുകയാണ്. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് സമരം നടത്തുന്നത്.
ALSO READ:നീതി ഉറപ്പാക്കാന്‍ സാധ്യമായതെന്തും ചെയ്യും; റസ്‌ലിങ് താരങ്ങളുടെ സമരത്തില്‍ പ്രതികരിച്ച് പിടി ഉഷ