ബെംഗളൂരു : ലോകത്തെ ഏറ്റവും വലിയ ക്ലബ് കബഡി ടൂർണമെന്‍റായ പ്രോ കബഡി ലീഗിന്‍റെ എട്ടാം സീസണിന് നാളെ (ഡിസംബർ 22) ന് ബെംഗളൂരുവിൽ തുടക്കം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കബഡി ലീഗ് വീണ്ടും കളത്തിലെത്തുന്നത്. 2020-ല്‍ കൊവിഡ് മൂലം ടൂര്‍ണമെന്‍റ് നടത്തിയിരുന്നില്ല.
2019-ല്‍ നടന്ന അവസാന പ്രോ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിയെ കീഴടക്കി ബംഗാള്‍ വാരിയേഴ്‌സാണ് കിരീടത്തില്‍ മുത്തമിട്ടത്. കരുത്തരായ യു മുംബയും ബെംഗളൂരു ബുൾസും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസുമായി കൊമ്പുകോർക്കും. പതിവിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ദിവസവും മൂന്ന് മത്സരങ്ങളാണ് കളിക്കുന്നത്.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ കബഡി ലീഗ് കൊടിയേറുന്നത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ബെംഗളൂരൂ വൈറ്റ്ഫീല്‍ഡ് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ കോര്‍ട്ടിലാണ് മത്സരങ്ങള്‍. 12 ടീമുകളും ബയോ ബബിളിൽ ഈ വേദിയിൽ താമസിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.