കേരളം

kerala

ETV Bharat / sports

Premier League| ആദ്യം പിന്നില്‍, പിന്നെ രണ്ടടിച്ച് ഒപ്പം; ലീഡ്‌സിനെതിരെ സമനില നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

റാഫേല്‍ വരാനെയുടെ സെല്‍ഫ് ഗോളിലാണ് മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡ്‌സ് രണ്ട് ഗോള്‍ ലീഡെഡുത്തത്. എന്നാല്‍ 62,70 മിനിട്ടുകളില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവരിലൂടെ ഗോള്‍ നേടി യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു.

Etv Bharat
Etv Bharat

By

Published : Feb 9, 2023, 7:41 AM IST

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ പൊരുതി സമനില നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇരു പകുതികളുടെയും തുടക്കത്തില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചുവന്ന ചെകുത്താന്മാര്‍ രണ്ടെണ്ണം തിരിച്ചടിച്ച് സമനില പിടിച്ചത്. മാഞ്ചസ്റ്റര്‍ താരം റാഫേല്‍ വരാന്‍റെ പിഴവിലൂടെ പിറന്ന സെല്‍ഫ് ഗോളാണ് മത്സരത്തിന്‍റെ വിധി മാറ്റിയെഴുതിയത്.

വില്‍ഫ്രീഡ് നോണ്ടോയാണ്ലീഡ്‌സിനായി ഒരു ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ആദ്യ ഗോള്‍ നേടി. ടീമിലേക്കുള്ള മടങ്ങിവരവില്‍ ഗോളടിച്ച ജേഡന്‍ സാഞ്ചോയാണ് യുണൈറ്റഡിന് നിര്‍ണായകമായ ഒരു പോയിന്‍റ് സമ്മാനിച്ചത്.

തുടക്കത്തില്‍ ലീഡെടുത്ത് ലീഡ്‌സ്:ആദ്യ വിസില്‍ മുഴങ്ങി ക്ലോക്കില്‍ ഒരു മിനിട്ട് ആകുന്നതിന് മുന്‍പ് തന്നെ സന്ദര്‍ശകരായ ലീഡ്‌സ് യുണൈറ്റഡ് ആതിഥേയരെ ഞെട്ടിച്ചു. മത്സരത്തിന്‍റെ 55-ാം സെക്കന്‍ഡിലാണ് ആദ്യ ഗോള്‍ പിറന്നത്. ലീഡ്‌സിന്‍റെ ഇറ്റാലിയന്‍ മുന്നേറ്റനിര താരം വില്‍ഫ്രീഡ് നോണ്ടോ ആയിരുന്നു ഗോള്‍ സ്‌കോറര്‍.

ആദ്യ ഗോളിന് പിന്നാലെ രണ്ടാമതും ലീഡ്‌സ് യുണൈറ്റഡ് മാഞ്ചസ്റ്ററിന്‍റെ വലയ്‌ക്കുള്ളില്‍ പന്തെത്തിച്ചു. എന്നാല്‍ വാര്‍ പരിശോധനയില്‍ ആ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് എട്ടാം മിനിട്ടില്‍ തന്നെ ലീഡ്‌സിന് മത്സരത്തില്‍ ആദ്യത്തെ മാറ്റം കൊണ്ടുവരേണ്ടി വന്നു.

പരിക്കേറ്റ് മധ്യനിര താരം ലൂയിസ് സിനിസ്റ്റെറ പുറത്തായതിന് പിന്നാലെ, മുന്നേറ്റനിര താരം ക്രൈസെന്‍ഷ്യോ സമ്മര്‍വില്ലിനെ ലീഡ്‌സ് കളത്തിലേക്കിറക്കി. തുടര്‍ന്നും യുണൈറ്റഡ് ഗോള്‍ മുഖത്തേക്ക് സന്ദര്‍ശകര്‍ ഇരച്ചെത്തിക്കൊണ്ടേയിരുന്നു. 11-ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഗോള്‍ പോസ്റ്റിലേക്കെത്തിയ ലീഡ്‌സിന്‍റെ കോര്‍ണര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ തട്ടിയകറ്റി.

പതിയെ മത്സരത്തില്‍ പന്തടക്കം തിരികെ പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും പ്രത്യാക്രമണം ആരംഭിച്ചു. 21-ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിന്‍റെ വെടിയുണ്ട ഷോട്ട് ലീഡ്‌സ് താരം പാസ്കൽ സ്ട്രൂയിക്കിന്‍റെ മുഖത്തിടിച്ചു. പിന്നാലെ ലീഡ്‌സ് പ്രതിരോധനിര താരത്തിനും കളം വിടേണ്ടി വന്നു.

27-ാം മിനിട്ടിലാണ് സമനില പിടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു സുവര്‍ണാവസരം കിട്ടിയത്. മാര്‍ട്ടിനെസ് നല്‍കിയ ത്രൂബോളുമായി ലീഡ്‌സ് ഗോള്‍കീപ്പര്‍ മെസ്‌ലിയറെ മറികടന്ന് യുവതാരം ഗര്‍നാച്ചോ ഷോട്ട് പായിച്ചെങ്കിലും ഗോള്‍ ലൈന്‍ സേവിലൂടെ മാക്‌സിമിലിയൻ വോബർ സന്ദര്‍ശകരുടെ രക്ഷക്കെത്തുകയായിരുന്നു. തുടര്‍ന്നും ഇരു കൂട്ടരും അടിക്കും തിരിച്ചടിക്കും ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

വരാന്‍റെ സെല്‍ഫ്,തിരിച്ചടിച്ച് യുണൈറ്റഡ്: ഓള്‍ഡ് ട്രഫോര്‍ഡില്‍ ഒരു ഗോളിന് പിന്നിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൈതാനത്തേക്കിറങ്ങി. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിട്ടിനുള്ളില്‍ ലീഡ്‌സിന് മത്സരത്തിലെ രണ്ടാം ഗോള്‍ ലഭിച്ചു. ഇത്തവണ പക്ഷെ എതിരാളികളുടെ വിശ്വസ്തനായ പ്രതിരോധനിരതാരം റാഫേല്‍ വരാനെയുടെ കാലുകളായിരുന്നു ലീഡ്‌സിന് ലീഡ് സമ്മാനിച്ചത്.

എങ്ങനെയെങ്കിലും ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ മത്സരത്തിന്‍റെ 59-ാം മിനിട്ടില്‍ ഇരട്ട മാറ്റങ്ങള്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നടത്തി. മുന്നേറ്റ നിര താരം വൗട്ട് വെഘോര്‍സ്റ്റിനെ പിന്‍വലിച്ചപ്പോള്‍ പകരക്കാരനായി ജേഡന്‍ സാഞ്ചോ മൈതാനത്തേക്ക് എത്തി. ഫാകുണ്ടോ പെലിസ്‌ട്രി ഗര്‍നാച്ചോയ്‌ക്ക് പകരവും കളിക്കളത്തിലേക്കിറങ്ങി.

ഇതിന് പിന്നാലെ 62 മിനിട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോള്‍ നേടി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. സീസണില്‍ റാഷ്‌ഫോര്‍ഡിന്‍റെ 11-ാം ഗോളായിരുന്നു ഇത്.

65-ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ഒന്ന് ഞെട്ടി. 25 വാര അകലെ നിന്ന് അരോണ്‍സണ്‍ തൊടുത്ത് വിട്ട ഫ്രീകിക്ക് ഡിഗിയയെ കാഴ്‌ചക്കാരനാക്കി പറന്നെങ്കിലും ഗോള്‍ പോസ്‌റ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിച്ചു. ഇതിന് പിന്നാലെ മത്സരത്തിന്‍റെ 70-ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില പിടിച്ചു. ജേഡന്‍ സാഞ്ചോയുടെ കാലില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

തുടര്‍ന്ന് വിജയഗോളിന് വേണ്ടി ഇരു ടീമും സമ്മര്‍ദം ചെലുത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ലീഡ്‌സിവെതിരായ സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 43 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും മൂന്നാമതുള്ള യുണൈറ്റഡും തമ്മില്‍ രണ്ട് പോയിന്‍റ് വ്യത്യാസമാണ് ഉള്ളത്.

കൂടാതെ ഈ മത്സരഫലത്തോടെ നാലാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുണൈറ്റഡുമായി മൂന്ന് പോയിന്‍റ് ലീഡും യുണൈറ്റഡ് സ്വന്തമാക്കി. 19 പോയിന്‍റ് മാത്രമുള്ള ലീഡ്‌സ് പോയിന്‍റ് പട്ടികയില്‍ 16-ാം സ്ഥാനത്താണ്. 50 പോയിന്‍റുള്ള ആര്‍സണലാണ് ലീഗ് ടേബിളില്‍ ഒന്നാമന്‍.

ABOUT THE AUTHOR

...view details