ലണ്ടന്‍ :പ്രീമിയര്‍ ലീഗിലെ(Premier League) ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ചെല്‍സി (Chelsea vs Manchester City). സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ നാല് ഗോളുകള്‍ വീതമടിച്ചാണ് ഇരു ടീമും പിരിഞ്ഞത്. ഇഞ്ചുറി ടൈമിലെ ഗോളിലൂടെയായിരുന്നു ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പിടിച്ചത്.
അടിയും തിരിച്ചടിയും...:സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ആതിഥേയരായ ചെല്‍സിയും സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ സിറ്റിയും അടിച്ച് കൂട്ടിയത് എട്ട് ഗോളുകള്‍. മത്സരത്തിന്‍റെ 25-ാം മിനിറ്റില്‍ ചെല്‍സി ആരാധകരെ നിശബ്‌ദനാക്കി ആദ്യ വെടിപൊട്ടിച്ചത് എര്‍ലിങ് ഹാലന്‍ഡ് (Erling Haaland). പെനാല്‍റ്റിയിലൂടെയായിരുന്നു താരം സിറ്റിക്ക് ലീഡ് സമ്മാനിച്ചത്.
അധികം വൈകാതെ തന്നെ ചെല്‍സിയും തിരിച്ചടിച്ചു. 29-ാം മിനിറ്റിലായിരുന്നു ആതിഥേയര്‍ സമനില പിടിച്ചത്. തിയാഗോ സില്‍വയായിരുന്നു (Thiago Silva) ഹാലന്‍ഡിന്‍റെ ഗോളിനുള്ള മറുപടി നല്‍കിയത്. 37-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് (Raheem Sterling) ചെല്‍സിയെ മുന്നിലെത്തിച്ചു.
എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ചെല്‍സിക്കൊപ്പം പിടിക്കാന്‍ സിറ്റിക്കായി. മാനുവല്‍ അക്കാന്‍ജിയാണ് (Manuel Akanji) സിറ്റിക്കായി ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 2-2 എന്ന സ്കോര്‍ലൈനില്‍ അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എര്‍ലിങ് ഹാലന്‍ഡ് വീണ്ടും ചെല്‍സിയുടെ വലകുലുക്കി. 47-ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ മൂന്നാം ഗോള്‍ പിറന്നത്. 20 മിനിറ്റിന് ശേഷം നിക്കോളാസ് ജാക്‌സനിലൂടെ ചെല്‍സി സമനില പിടിച്ചു.