ലണ്ടന്‍ :കഴിഞ്ഞ വര്‍ഷം യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. എറിക്‌സണുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതായി യുണൈറ്റഡ് അറിയിച്ചു. ബ്രെന്‍റ്‌ഫോര്‍ഡില്‍ നിന്ന് ഫ്രീ ഏജന്‍റായാണ് താരം യുണൈറ്റഡിലെത്തുന്നത്.
യുണൈറ്റഡ് സ്പെഷ്യല്‍ ക്ലബ്ബാണെന്നും ചുവപ്പ് ജഴ്‌സിയിലിറങ്ങാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും എറിക്സണ്‍ പറഞ്ഞു. പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്‌ഫോര്‍ഡിനായി 11 മത്സരങ്ങളിലാണ് 30കാരനായ എറിക്‌സണ്‍ കളിച്ചത്. ഒരു ഗോള്‍ നേടിയ താരത്തിന് നാല് അസിസ്റ്റുകളുമുണ്ട്.
യൂറോ കപ്പില്‍ ഫിൻലാന്‍ഡിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ് ഹൃദയാഘാതമുണ്ടാവുന്നത്. ഈ സമയം ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനിലാണ് താരം കളിച്ചിരുന്നത്. രോഗമുക്തി പ്രാപിച്ച് എറിക്‌സണ്‍ തിരിച്ചെത്തിയെങ്കിലും ഇന്‍റര്‍ കരാര്‍ റദ്ദാക്കുകയായിരുന്നു. പേസ്മേക്കര്‍ ഘടിപ്പിച്ച താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇറ്റാലിയൻ ലീഗിലെ കർശന നിയമങ്ങളാണ് ഇതിന് കാരണം.
തുടര്‍ന്നാണ് താരം ബ്രെന്‍റ്‌ഫോർഡ് എഫ്‌സിയിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. ആറുമാസത്തേക്കായിരുന്നു കരാർ. ഇത് പൂര്‍ത്തിയായതോടെയാണ് എറിക്‌സൺ ഫ്രീ ഏജന്‍റായി മാറിയത്.
അതേസമയം പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ പ്രതാപത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ് യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായിപ്പോയ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനായിരുന്നില്ല.