ലീഡ്‌സ്:പ്രീമിയര്‍ ലീഗിലെ പതിനഞ്ചാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എലണ്ട് റോഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ 3-1ന്‍റെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. രണ്ട് ഗോള്‍ നേടിയ ഹാലന്‍ഡും ഒരു ഗോള്‍ നേടിയ റോഡ്രിയുമാണ് പെപ്പ് ഗാര്‍ഡിയോളയുടെ സംഘത്തിന് അനായാസ ജയമൊരുക്കിയത്.
ലീഡ്‌സിനെതിരായ ജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 30 പോയിന്‍റാണ് സിറ്റിക്കുള്ളത്. നാല്‍പ്പത് പോയിന്‍റുമായി ആഴ്‌സണലാണ് ഒന്നാമത്.
ലീഡ്‌സിനെ തുടക്കം മുതല്‍ വിറപ്പിച്ചാണ് സിറ്റി മത്സരത്തില്‍ ജയം പിടിച്ചടക്കിയത്. ഹാലന്‍ഡ് ഉള്‍പ്പടെയുള്ള സിറ്റി മുന്നേറ്റ നിര താരങ്ങള്‍ ഒന്നാം മിനിട്ട് മുതല്‍ തന്നെ എതിരാളികളുടെ വലയിലേക്ക് നിറയൊഴിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്തിരുന്നെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സിറ്റി ആദ്യ ഗോള്‍ നേടിയത്. മധ്യനിര താരം റോഡ്രിയുടെ ഗോളിലൂടെയാണ് സിറ്റി ലീഡെടുത്തത്. കെവിന്‍ ഡി ബ്രൂയ്‌ന്‍ നല്‍കിയ പന്ത് താരം പോസ്‌്റ്റിലേക്ക് പായിച്ചെങ്കിലും ലീഡ്‌സിന്‍റെ ഫ്രഞ്ച് ഗോള്‍കീപ്പര്‍ അത് തട്ടിയകറ്റുകയായിരുന്നു.
തുടര്‍ന്ന് കിട്ടിയ റീബൗണ്ട് റോഡ്രി കൃത്യമായി വലയിലെത്തിച്ചാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താന്‍ ലീഡ്‌സ് താരങ്ങള്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. പിന്നാലെ എര്‍ലിങ് ഹാലന്‍ഡിലൂടെ സിറ്റി 51ാം മിനിട്ടില്‍ ലീഡുയര്‍ത്തി.
തുടര്‍ന്നും ആക്രമണം തുടര്‍ന്ന സിറ്റി മത്സരത്തിന്‍റെ 64ാം മിനിട്ടിലാണ് മൂന്നാം ഗോള്‍ നേടിയത്. ഹാലന്‍ഡ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. ജാക്ക് ഗ്രീലിഷ് ആയിരുന്നു എര്‍ലിങ് ഹാലന്‍ഡ് നേടിയ രണ്ട് ഗോളിനും വഴിയൊരുക്കിയത്.
73ാം മിനിട്ടിലാണ് ലീഡ്‌സ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പ്രതിരോധനിര താരം പസ്‌കാല്‍ സ്‌ട്രൗക്കായിരുന്നു ലീഡ്‌സിന് വേണ്ടി ഗോള്‍ നേടിയത്.