ലണ്ടന്‍ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ ആദ്യ ജയം സ്വന്തമാക്കി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന ലീഗിലെ തങ്ങളുടെ 21-ാം മത്സരത്തില്‍ എവര്‍ട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പട തകര്‍ത്തത്. മൊഹമ്മദ് സല, കോഡി ഗാപ്‌കോ എന്നിവരായിരുന്നു ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്.
ജയത്തോടെ ലിവര്‍പൂളിന് ലീഗില്‍ 32 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ഇംഗ്ലീഷ് വമ്പന്മാര്‍. അതേസമയം 18 പോയിന്‍റുമായി ലീഗ് ടേബിളില്‍ 18-ാം സ്ഥാനത്ത് തുടരുകയാണ് എവര്‍ട്ടണ്‍.
മിന്നലായി ന്യൂനസ്, ഗോളടിച്ച് സല:തുടര്‍ തോല്‍വികളില്‍ വലഞ്ഞാണ് മെർസിസൈഡ് ഡെർബിയില്‍ എവര്‍ട്ടണെ നേരിടാനായി ലിവര്‍പൂള്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായ ആന്‍ഫില്‍ഡില്‍ ഇറങ്ങിയത്. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും ക്ലോപ്പാശാന്‍റെ ശിഷ്യന്മാര്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അവസാനം കളിച്ച മത്സരങ്ങളില്‍ നിന്നും ചെല്‍സിക്കെതിരെ നേടിയ സമനില മാത്രമായിരുന്നു ടീമിന്‍റെ ഏക ആശ്വാസം.
എവര്‍ട്ടണിനെതിരായ മത്സരത്തില്‍ പൂര്‍ണ ഫിറ്റായി മടങ്ങിയെത്തിയ ഡിയോഗോ ജോട്ടോയും ലിവര്‍പൂളിനായി മൈതാനത്തിറങ്ങി. കഴിഞ്ഞ ഒക്‌ടോബറിന് ശേഷം താരം ലിവര്‍പൂള്‍ ജേഴ്‌സിയില്‍ കളിക്കുന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരത്തിന്‍റെ പതിനൊന്നാം മിനിട്ടില്‍ ആതിഥേയര്‍ക്ക് ഫ്രീ കിക്കിലൂടെ ഗോള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ കിക്കെടുത്ത മൊഹമ്മദ് സലയുടെ ഷോട്ട് എവര്‍ട്ടണ്‍ പ്രതിരോധ കോട്ടയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളും നടത്തിയ മുന്നേറ്റങ്ങള്‍ ഗോളായി മാറിയില്ല. ഒടുവില്‍ മത്സരത്തിന്‍റെ 36-ാം മിനിട്ടില്‍ ഗോള്‍ നേടി ലിവര്‍പൂള്‍ ലീഡ് സ്വന്തമാക്കി.
എവര്‍ട്ടണിന് ലഭിച്ച കോര്‍ണറില്‍ നിന്നും പന്ത് പിടിച്ചെടുത്ത് കൗണ്ടര്‍ അറ്റാക്ക് നടത്തിയാണ് ലിവര്‍പൂള്‍ സ്‌കോര്‍ ചെയ്‌തത്. ഡാർവിൻ ന്യൂനസ് ആയിരുന്നു ഗോളിന് ചുക്കാന്‍ പിടിച്ചത്. ഒടുവില്‍ മൊഹമ്മദ് സലയുടെ ബൂട്ടുകളില്‍ നിന്ന് മത്സരത്തിലെ ആദ്യ ഗോളും പിറന്നു.
ഗോളടി തുടങ്ങി ഗാപ്‌കോ :മത്സരത്തിലെ രണ്ടാം പകുതിയിലാണ് ലിവര്‍പൂള്‍ ലീഡുയര്‍ത്തിയത്. ഇത്തവണ ഡച്ച് താരം കോഡി ഗാപ്‌കോയുടെ വകയായിരുന്നു ഗോള്‍. ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ഗാപ്‌കോയുടെ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.
49-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ ലീഡുയര്‍ത്താൻ ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. മത്സരത്തിന്‍റെ 70-ാം മിനിട്ടിലായിരുന്നു മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഡിയോഗോ ജോട്ടോ ലിവര്‍പൂളിനായി കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ കളം നിറഞ്ഞ് കളിച്ച ന്യൂനസിനെ പിന്‍വലിച്ച ശേഷമാണ് പരിശീലകന്‍ ക്ലോപ്പ് ജോട്ടോയെ ഇറക്കിയത്. തുടര്‍ന്ന് 80-ാം മിനിട്ടില്‍ ഗാപ്‌കോയ്‌ക്ക് പകരക്കാരനായി റോബര്‍ട്ടൊ ഫിര്‍മിനൊയയേയും ലിവര്‍പൂള്‍ കൊണ്ടുവന്നു.
ആന്‍ഫീല്‍ഡില്‍ ആതിഥേയര്‍ക്കെതിരെ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സന്ദര്‍ശകരായ എവര്‍ട്ടണിന് സാധിച്ചിരുന്നില്ല. ചെമ്പടയുടെ ഗോള്‍ പോസ്റ്റിലേക്ക് 6 ഷോട്ടുകള്‍ എവര്‍ട്ടണ്‍ പായിച്ചെങ്കിലും അതില്‍ ഒരെണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട്. മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം പൂര്‍ണ ആധിപത്യവും ലിവര്‍പൂളിനായിരുന്നു.
ക്ലോപ്പാശാന്‍റെ റെക്കോഡ് നേട്ടം :ഈ ജയത്തോടെ അതിവേഗം ലിവര്‍പൂളിനായി 250 ജയങ്ങള്‍ സ്വന്തമാക്കുന്ന പരിശീലകന്‍ എന്ന റെക്കോഡ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ പേരിലായി. താന്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള 414-ാമത് മത്സരത്തിലായിരുന്നു ക്ലോപ്പാശാന്‍ ഈ നേട്ടം കൈവരിച്ചത്. ബോബ് പെയ്സ്ലി, ബില്‍ ഷാങ്ക്‌ലി, ടോം വാട്‌സണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുള്ള ലിവര്‍പൂള്‍ പരിശീലകര്‍.
തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ എവര്‍ട്ടണ്‍:ഈ തോല്‍വിയോടെ എവര്‍ട്ടണിന്‍റെ തരം താഴ്‌ത്തല്‍ ഭീഷണിയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 22 മത്സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രമുള്ള ടീമിന് 18 പോയിന്‍റാണ് ഉള്ളത്. പോയിന്‍റ് പട്ടികയില്‍ 17-ാം സ്ഥാനത്തുള്ള ലീഡ്‌സിനേക്കാള്‍ ഒരു പോയിന്‍റ് പിന്നിലാണ് എവര്‍ട്ടണ്‍. തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം നേടി എവര്‍ട്ടണിന് പോയിന്‍റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്.