ലണ്ടന്‍ : ആദ്യ പകുതിയില്‍ ഒന്ന്, രണ്ടാം പകുതിയില്‍ ആറ്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ചെമ്പട തകര്‍ത്തത്. കോഡി ഗാപ്‌കോ, ഡാര്‍വിന്‍ ന്യൂനസ്, മൊഹമ്മദ് സലാ എന്നിവര്‍ ആതിഥേയര്‍ക്കായി ഇരട്ടഗോള്‍ വീതം നേടി.
റോബര്‍ട്ടോ ഫിര്‍മിഞ്ഞോയുടെ വകയായിരുന്നു ഒരു ഗോള്‍. യുണൈറ്റഡിനെതിരായ തകര്‍പ്പന്‍ ജയത്തോടെ 42 പോയിന്‍റുമായി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കെത്തി. 49 പോയിന്‍റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓഫ്സൈഡില്‍ കുരുങ്ങി കാസിമിറോ, ഗോളടിച്ച് ഗാപ്‌കോ :മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരുടീമുകളും തുല്യശക്തികളുടെ പോരാട്ടവീര്യമാണ് കാഴ്‌ചവച്ചത്. ഒന്നാം പകുതിയില്‍ യുണൈറ്റഡ് ലിവര്‍പൂള്‍ ബോക്‌സിലേക്കും, ലിവര്‍പൂള്‍ മറുവശത്തേക്കും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 42-ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഫ്രീ കിക്ക് തലകൊണ്ട് കാസിമിറോ ലിവര്‍പൂള്‍ വലയിലെത്തിച്ചു.
എന്നാല്‍, ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു കാസിമിറൊ. അതുകൊണ്ട് തന്നെ യുണൈറ്റഡിന് ഗോള്‍ കിട്ടിയില്ല. പിന്നാലെ ലിവര്‍പൂളിന്‍റെ മുന്നേറ്റം.
മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും റോബേര്‍ട്‌സണിന്‍റെ അളന്നുമുറിച്ചുള്ള പാസ് ഇടതുവിങ്ങില്‍ തക്കം പാര്‍ത്ത് നിന്ന കോഡി ഗാപ്‌കോയിലേക്ക്. പാസ് സ്വീകരിച്ച് കൃത്യമായി സ്‌പേസ് കണ്ടെത്തി നെതര്‍ലന്‍ഡ്‌സ് സ്‌ട്രൈക്കര്‍ യുണൈറ്റഡ് വലയിലേക്ക് നിറയൊഴിച്ചു. 43-ാം മിനിട്ടില്‍ ലിവര്‍പൂളിന്‍റെ ആദ്യ ഗോള്‍. ഒരു ഗോള്‍ ലീഡുമായി ആതിഥേയരായ ലിവര്‍പൂള്‍ ആദ്യ പകുതി അവസാനിപ്പിച്ചു.
ആന്‍ഫീല്‍ഡിലെ ഗോള്‍മഴ :രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ നിന്നും മധ്യനിര താരം ഫാബിനോ പന്ത് ചിപ്പ് ചെയ്‌ത് ബോക്‌സിനുള്ളിലേക്ക് നല്‍കി. പന്ത് ഓടി പിടിച്ച് ക്രോസ് ചെയ്യാന്‍ ശ്രമിച്ച സലായുടെ ഷോട്ട് യുണൈറ്റഡ് താരം ലൂക്ക്ഷായുടെ ദേഹത്തിടിച്ച് തെറിച്ചു.