കേരളം

kerala

ETV Bharat / sports

ആഘോഷം ഇവിടെ വേണ്ട, 2023ലെ അവസാന രാത്രിയില്‍ ആഴ്‌സണലിനെ കരയിപ്പിച്ച് ഫുള്‍ഹാം - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

Fulham vs Arsenal: പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തോല്‍വി. ഫുള്‍ഹാം ആഴ്‌സണലിനെ പരാജയപ്പെടുത്തിയത് 2-1 എന്ന സ്കോറിന്.

Premier League  Fulham vs Arsenal  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ആഴ്‌സണല്‍ ഫുള്‍ഹാം
Etv Bharat

By ETV Bharat Kerala Team

Published : Jan 1, 2024, 8:22 AM IST

ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ (Premier League) വമ്പന്മാരായ ആഴ്‌സണലിനെ (Arsenal) തോല്‍പ്പിച്ച് പുതുവത്സരാഘോങ്ങള്‍ കെങ്കേമമാക്കി ഫുള്‍ഹാം (Fulham). പുതുവര്‍ഷരാവില്‍ തങ്ങളുടെ തട്ടകത്തിലെത്തിയ പീരങ്കിപ്പടയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫുള്‍ഹാം തകര്‍ത്തത് (Fulham vs Arsenal Match Result). ആദ്യം ലീഡ് സ്വന്തമാക്കിയ ശേഷമാണ് ആഴ്‌സണല്‍ മത്സരം കൈവിട്ടത്.

ലീഗില്‍ ആഴ്‌സണല്‍ ജയമറിയാത്ത മൂന്നാമത്തെ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ അവര്‍ അതിന് മുന്‍പ് ലിവര്‍പൂളിനോട് സമനില വഴങ്ങിയിരുന്നു (Arsenal Last 3 Match Result). തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കും ആഴ്‌സണല്‍ വീണിട്ടുണ്ട്.

20 മത്സരം പൂര്‍ത്തിയായപ്പോള്‍ 40 പോയിന്‍റാണ് നിലവില്‍ ആഴ്‌സണലിന് ഉള്ളത്. 19 മത്സരം കളിച്ച് 40 പോയിന്‍റ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ആഴ്‌സണലിന് മുന്നില്‍ ലീഗ് ടേബിളിലെ മൂന്നാം സ്ഥാനക്കാര്‍. 42 പോയിന്‍റുള്ള ലിവര്‍പൂളും ആസ്റ്റണ്‍ വില്ലയുമാണ് പോയിന്‍റ് പട്ടികയില്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ (Premier League Points Table).

അതേസമയം, ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ജയം മാത്രം ലക്ഷ്യമിട്ട് പന്ത് തട്ടാനിറങ്ങിയ ആഴ്‌സണലിന് കളിയുടെ തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ സാധിച്ചു. അഞ്ചാം മിനിറ്റില്‍ മുന്നേറ്റ നിര താരം ബുകായോ സാക്കയാണ് (Bukayo Saka) പീരങ്കിപ്പടയെ മുന്നിലെത്തിച്ചത്. ഇടതുവിങ്ങിലൂടെ ഫുള്‍ഹാം ബോക്സിലേക്ക് എത്തി മാര്‍ട്ടിനെല്ലി നടത്തിയ ഗോള്‍ ശ്രമമാണ് സാക്കയിലൂടെ വലയിലെത്തിയത്.

മൈതാനത്തിന്‍റെ ഇടതുവിങ്ങിലൂടെ ബോക്‌സിനുള്ളില്‍ കടന്ന മാര്‍ട്ടിനെല്ലി ലഭിച്ച അവസരത്തില്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് ഉതിര്‍ത്തു. എന്നാല്‍, ഫുള്‍ഹാം ഗോള്‍ കീപ്പര്‍ ലെനോ അത് ഡൈവ് ചെയ്‌ത് തട്ടിയകറ്റി. ലെനോ തട്ടി രക്ഷപ്പെടുത്തിയ പന്ത് താരത്തിന് സമീപം ഉണ്ടായിരുന്ന സാക്കയുടെ കാലുകളിലേക്ക് എത്തുകയും സാക്ക അത് അനായാസം ഗോള്‍വലയ്‌ക്കുള്ളിലേക്ക് അടിച്ചിടുകയായിരുന്നു.

മത്സരത്തിന്‍റെ 29-ാം മിനിറ്റില്‍ ഫുള്‍ഹാം സമനില ഗോള്‍ കണ്ടെത്തി. റൗള്‍ ഹിമാനെസായിരുന്നു (Raul Jimenez) ഗോള്‍ സ്കോറര്‍. ഓരോ ഗോള്‍ നേടിയാണ് ഇരു ടീമും മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ 59-ാം മിനിറ്റിലാണ് ആതിഥേയര്‍ വിജയഗോള്‍ കണ്ടെത്തുന്നത്. കോര്‍ണര്‍ കിക്കിന് പിന്നാലെയുള്ള കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആഴ്‌സണല്‍ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച പന്ത് ബോബി ഡി കൊർഡോവ റീഡ് (Bobby De Cordova Reid) അനായാസം ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ ശ്രമിച്ചെങ്കിലും ഗോളുകള്‍ മാത്രം അവരില്‍ നിന്നും അകന്ന് നിന്നു.

Also Read :'ഗോള്‍ മെഷീന്‍...'; കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ABOUT THE AUTHOR

...view details