കേരളം

kerala

By

Published : Jun 22, 2023, 2:30 PM IST

Updated : Jun 22, 2023, 2:37 PM IST

ETV Bharat / sports

ചെൽസിയില്‍ 'വിറ്റൊഴിക്കല്‍ മേള'; കോവാസിച്ച്, കായ് ഹവേർട്‌സ് അടക്കം ടീം വിടുന്നു

താരസമ്പന്നമായ ടീമിൽ നിന്നും നിരവധി താരങ്ങളെ ഒഴിവാക്കുക എന്നത് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ടീമിന്‍റെ നിലനിൽപിന് അനിവര്യമാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള അഴിച്ചുപണി നടത്തി അടുത്ത സീസണിൽ മികച്ച തിരിച്ചുവരവിനുള്ള പദ്ധതിയുമായായാണ് മാനേജ്‌മെന്‍റ് ശ്രമിക്കുന്നത്.

Chelsea  Chelsea FC transfer news  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ചെൽസി  കായ് ഹവേർട്‌സ്  ക്രിസ്റ്റ്യൻ പുലിസിച്ച്  മാറ്റിയോ കോവാസിച്ച്  Mateo Kovacic  Christian pulisic  kai haverts  എഡ്വാർഡ് മെൻഡി  ഹാകിം സിയെച്ച്  Hakim Ziyech
വമ്പൻ താരങ്ങളെയെല്ലാം വിറ്റൊഴിക്കാൻ ചെൽസി

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ താരങ്ങളെയെല്ലാം വിറ്റൊഴിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ചെൽസിയുടെ പരിശീലകനായി പൊച്ചെട്ടിനോ എത്തുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു ടീമുമായി മുന്നോട്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അതുകൊണ്ടുതന്നെ താരസമ്പന്നമായ ചെൽസി നിരയിൽ നിന്നും നിരവധി താരങ്ങളെ വിറ്റൊഴിക്കുക എന്നത് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ടീമിന്‍റെ നിലനിൽപിന് അനിവര്യമായ കാര്യമാണ്.

ഇത്തരത്തിൽ വൻതോതിലുള്ള അഴിച്ചുപണി നടത്തി മികച്ച തിരിച്ചുവരവിനുള്ള പദ്ധതിയുമായായാണ് മാനേജ്‌മെന്‍റ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇത്തരത്തിൽ കൂട്ടത്തോടെ താരങ്ങളെ ഒഴിവാക്കുന്ന സാഹചര്യത്തിൽ ടീമിൽ തുടരേണ്ട താരങ്ങളും ഉൾപ്പെടുന്നുവെന്ന തരത്തിലുള്ള വാദങ്ങൾ ഉയരുന്നുണ്ട്. മധ്യനിര താരം എൻഗോളോ കാന്‍റെ ക്ലബിനോട് വിടപറഞ്ഞു. ടീമിലെ മറ്റു പ്രധാന താരങ്ങളായ മാറ്റിയോ കോവാസിച്ച്, കായ് ഹവേർട്‌സ്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരും പുറത്തേക്കുള്ള പാതയിലാണ്.

ഇവർക്കെല്ലാം പുറമെ ഹാകിം സിയെച്ച്, എഡ്വാർഡ് മെൻഡി, പിയെറിക് ഒബാമെയങ്, റൊമേലു ലുകാകു, ഖാലിദോ കൗലിബാലി തുടങ്ങിയ പ്രമുഖരെയും ക്ലബ് ഒഴിവാക്കുകയാണ്. സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്കാണ് കാന്‍റെ ചേക്കേറിയിരിക്കുന്നത്. മൊറോക്കൻ താരമായ സിയെച്ചും ഒബാമെയങും ഫ്രഞ്ച് താരത്തിന്‍റെ ഇതേ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ.

കായ് ഹാവേർട്‌സിനായി ആഴ്‌സണലും മാറ്റിയോ കൊവാസിച്ചിനായി പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ട്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച നായകൻ സെസാർ അസ്‌പ്ലിക്യൂറ്റയും ടീമിന്‍റെ ഭാവി താരമായി പ്രവചിക്കപ്പെട്ടിരുന്ന മേസൺ മൗണ്ടിന്‍റെയും സ്ഥിതി വ്യത്യസ്ഥമല്ല. ഇന്‍റർ മിലാനിൽ ലോണിൽ കളിക്കുന്ന ലുകാകുവിനും പ്രതിരോധ താരം കൗലിബാലിക്കും വരും സീസണിൽ ടീമിൽ സ്ഥാ നമുണ്ടായേക്കില്ല.

ചെൽസി താരങ്ങളെല്ലാം സൗദിയിലേക്ക്... അടുത്ത സീസണിൽ ടീമിൽ സ്ഥാനമില്ലെന്ന് ഉറപ്പായ താരങ്ങളിൽ ഏറെയും സൗദി പ്രൊ ലീഗ് ക്ലബുകളുമായാണ് കരാറിലെത്തുന്നത്. മൊറോക്കൻ വിങ്ങറായ ഹാകിം സിയെച്ചുമായി അൽ നസ്‌ർ ക്ലബാണ് ധാരണയിലെത്തിയിട്ടുള്ളത്. അടുത്ത സീസണിൽ ക്രിസ്റ്റ്യാനോക്ക് പന്തെത്തിക്കുന്നതിനായാണ് അൽ നസർ താരത്തെ ടീമിലെത്തിക്കുന്നത്. എട്ട് മില്യൺ പൗണ്ട് എന്ന തുച്ഛമായ തുകയ്‌ക്കാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നതാണ് റിപ്പോർട്ടുകൾ.

സെനഗലിന്‍റെ സെൻട്രൽ ഡിഫൻഡറായ ഖാലിദൗ കൗലിബാലി അൽ ഹിലാലിലേക്കാണ് കൂടുമാറുന്നത്. 17 മില്യൺ പൗണ്ടിനാണ് 32-കാരനായ താരത്തെ ചെൽസി കൈമാറുന്നത്. ചെൽസിയുടെ ചാമ്പ്യൻസ് കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ എഡ്വാർഡ് മെൻഡി സൗദി ലീഗിലെ മറ്റൊരു ക്ലബായ അൽ അഹ്‌ലിയുമായാണ് കരാറിലെത്തിയിട്ടുള്ളത്. പ്രതിഫലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എൻഗോളോ കാന്‍റെ ഫ്രീ ട്രാൻസ്‌ഫറിലാണ് അൽ ഇത്തിഹാദിലേക്ക് പോകുന്നത്.

ചെൽസി താരങ്ങൾക്ക് പിന്നാലെ പ്രീമിയർ ലീഗ് വമ്പൻമാരും; നീലപ്പടയുടെ മധ്യനിരയിലെ പ്രധാനികളിലൊരായ ക്രൊയേഷ്യൻ താരം മാറ്റിയോ കൊവാസിച്ച് മാഞ്ചസ്റ്റർ സിറ്റിയുമായി ധാരണയിലെത്തിയതായാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. 25 മില്യൺ കരാർ തുകയും അഞ്ച് മില്യൺ ആഡ് ഓൺ അ‌ടക്കം 30 മില്യൺ പൗണ്ടാണ് സിറ്റി മുടക്കാൻ തയ്യാറായിട്ടുള്ളത്. സിറ്റിയെ സംബന്ധിച്ച് ടീം വിടുന്ന ഇൽകായ് ഗുണ്ടോഗന് മികച്ച പകരക്കാരനായിരിക്കും കൊവാസിച്ച്.

കായ് ഹവേർട്‌സുമായി ആഴ്‌സണൽ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 65 മില്യൺ പൗണ്ടിനാണ് യുവതാരത്തെ ഗണ്ണേഴ്‌സ് ടീമിലെത്തിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് താരം ആഴ്‌സണലുമായി ധാരണയിലെത്തിയിരുന്നു. പ്രീമിയർ ലീഗിൽ തന്നെ തുടരുക എന്ന ലക്ഷ്യത്തോടെയാണ് 24-കാരനായ ഹാവേർട്‌സ് ആഴ്‌സണലിലേക്ക് ചേക്കേറുന്നത്.

മേസൺ മൗണ്ടിനായി നീക്കങ്ങൾ നടത്തുന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസറ്റർ യുണൈറ്റഡാണ്. നേരത്തെ യുണൈറ്റഡ് സമർപ്പിച്ച ബിഡ് ചെൽസി നിരസിച്ചിരുന്നു. 65 മില്യൺ പൗണ്ടിന്‍റെ കരാരാണ് ചെൽസി മുന്നോട്ടുവച്ചിട്ടുള്ളത്. ഇത്തരത്തിൽ വലിയൊരു തുക നൽകി താരവുമായി കരാറിലെത്തുമോ എന്നതാണ് മുന്നിലുള്ളത്.

Last Updated : Jun 22, 2023, 2:37 PM IST

ABOUT THE AUTHOR

...view details