സാന്‍റോസ്: ഇതിഹാസത്തിന് അന്തിമ വിട നല്‍കി ബ്രസീല്‍. പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ സാന്‍റോസിലെ നെക്രോപോളെ ഇക്യുമെനിക മെമ്മോറിയല്‍ സെമിത്തേരിയില്‍ നടന്നു. വില ബെല്‍മിറോ സ്‌റ്റേഡിയത്തില്‍ നിന്ന് വിലാപ യാത്രയായാണ് മൃതദേഹം സെമിത്തേരിയിലെത്തിച്ചത്.
ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡി സില്‍വ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ തുടങ്ങിയവര്‍ സ്റ്റേഡിയത്തിലെത്തി ഇതിഹാസ താരത്തിന് അന്തിമോപചാരമര്‍പ്പിച്ചു. ജനുവരി രണ്ട് മുതല്‍ വില ബെൽമിറോയില്‍ പെലെയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സാന്‍റോസിനായി കളിച്ച് തന്‍റെ കരിയറിലെ ഏറെക്കാലവും പെലെ ചിലവഴിച്ചത് ഇവിടെയാണ്.
പെലെയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി പതിനായിരങ്ങളെത്തിയിരുന്നു. ഡിസംബര്‍ 29ന് തന്‍റെ 82-ാം വയസില്‍ സാവോ പോളോ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ ആശുപത്രിയിലാണ് പെലെ അന്തരിച്ചത്. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
രണ്ട് ദശാബ്‌ദക്കാലത്തിലേറെ കാലം ഫുട്‌ബോള്‍ ലോകത്തെ വിസ്‌മയിപ്പിച്ച പെലെ ബ്രസീലിനൊപ്പം മൂന്ന് തവണ ലോകകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 വര്‍ഷങ്ങളിലാണ് പെലെ ബ്രസീല്‍ ടീമിനൊപ്പം ലോകകപ്പ് ഉയര്‍ത്തിയത്. നാല് ലോകകപ്പുകളില്‍ നിന്നും 12 ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്. 1957ല്‍ തന്‍റെ 16-ാം വയസില്‍ ബ്രസീലിനായി അരങ്ങേറിയ താരം 1971ലാണ് ദേശീയകുപ്പായം അഴിച്ചുവച്ചത്.
രാജ്യത്തിനായി 92 മത്സരങ്ങളില്‍ നിന്നും 77 ഗോളടിച്ച് കൂട്ടിയ താരം ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ സാന്‍റോസിന് വേണ്ടിയാണ് പെലെ ഏറെക്കാലവും കളിച്ചത്. 1956-1974 കാലയളവിലായിരുന്നു സാന്‍റോസിനായി കളിക്കാന്‍ പെലെ ഇറങ്ങിയത്. ഇക്കാലയളവില്‍ 656 മത്സരങ്ങളില്‍ നിന്ന് 643 ഗോളുകള്‍ അദ്ദേഹം നേടി.