പാരീസ്: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് ഫ്രഞ്ച് ഫുട്‌ബോളര്‍ പോൾ പോഗ്ബ 100,000 യൂറോ നൽകിയതായി ഫ്രഞ്ച് ഉദ്യോഗസ്ഥർ. സഹോദരൻ മത്യാസ് പോഗ്ബയും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന പോഗ്ബയുടെ ആരോപണത്തില്‍ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു.
അന്താരാഷ്ട്ര ഫുട്‌ബോളറായതിന് ശേഷം സഹായിച്ചില്ലെന്ന് പറഞ്ഞ് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന സംഘം 13 മില്യന്‍ യൂറോ ആവശ്യപ്പെട്ടുവെന്നാണ് പോഗ്‌ബയുടെ ആരോപണം. മറ്റൊരു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെയ്‌ക്കെതിരെ മന്ത്രവാദത്തിന് ശ്രമിച്ചുവെന്ന് പറഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തുമെന്നാണ് സംഘത്തിന്‍റെ ഭീഷണിയെന്ന് പോഗ്‌ബ ഉദ്യോഗസ്ഥരെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.
അതേസമയം മന്ത്രവാദവുമായി ബന്ധപ്പെട്ട അവകാശവാദവുമായി മത്യാസ് പോഗ്ബ ഞായറാഴ്‌ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എംബാപ്പെയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ തങ്ങളുടെ ആരോപണം സത്യമാണെന്നാണ് മത്യാസ് പറയുന്നത്. എംബാപ്പെയോട് വിരോധമില്ല. മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യമാണ്. എല്ലാം താരത്തിന്‍റെ നല്ലതിന് വേണ്ടിയാണ് താന്‍ പറയുന്നതെന്നുമായിരുന്നു മത്യാസ് ട്വീറ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് കിലിയൻ എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സമയത്ത് ഇവ വെറും കിംവദന്തികൾ മാത്രമാണെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് നോയൽ ലെ ഗ്രെറ്റ് പറഞ്ഞു. ആരോപണങ്ങള്‍ ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിലെ പോഗ്‌ബയുടെ സ്ഥാനം ചോദ്യം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും നോയൽ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രിലിലാണ് പോഗ്‌ബ പണം നല്‍കിയതെന്നാണ് ഫ്രാൻസിന്‍റെ ദേശീയ മാധ്യമം ബിഎഫ്‌എം ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. ദേശീയ മത്സരങ്ങള്‍ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ പാരീസിലെത്തിയപ്പോള്‍, അപ്പാർട്ട്‌മെന്‍റിലെത്തിയ മുഖംമൂടി ധരിച്ച ആയുധധാരികളായ സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഇതെന്നുമാണ് ബിഎഫ്‌എം റിപ്പോർട്ട്.