പാരീസ്: ഫ്രഞ്ച് ലീഗില്‍ ജയം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോണ്ട്‌പെല്ലിയെറിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. പിഎസ്‌ജിക്കായി നെയ്‌മർ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കിലിയൻ എംബാപ്പെ, റെനാറ്റോ സാഞ്ചസ് എന്നിവരും ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ 23ാം മിനിട്ടില്‍ തന്നെ മുന്നിലെത്താനുള്ള അവസരം പിഎസ്‌ജിക്ക് ലഭിച്ചിരുന്നു. എന്നാല്‍ എംബാപ്പെ പെനാല്‍റ്റി പാഴാക്കി. തുടര്‍ന്ന് 39ാം മിനിട്ടില്‍ മോണ്ട്‌പെല്ലിയര്‍ പ്രതിരോധ താരം സാക്കോയുടെ ഓണ്‍ ഗോളിലൂടെയാണ് സംഘം അക്കൗണ്ട് തുറന്നത്.
43ാം മിനിട്ടില്‍ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട നെയ്‌മര്‍ 51ാം മിനിട്ടിലാണ് രണ്ടാം ഗോള്‍ നേടിയത്. 69ാം മിനിട്ടില്‍ എംബാപ്പെയും 87ാം മിനിട്ടില്‍ സാഞ്ചസും പിഎസ്‌ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ പിഎസ്‌ജി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.