പാരിസ്: 2024ലെ പാരിസ് ഒളിമ്പിക്‌സിന്‍റെ ഒരു മില്യണ്‍ ടിക്കറ്റുകൾ 24 യുറോയ്‌ക്ക് (ഏകദേശം 2,010 ഇന്ത്യൻ രൂപ) വിൽക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ടിക്കറ്റുകൾ ഒളിമ്പിക്‌സിലെ 32 കായിക ഇനങ്ങൾക്കും ലഭ്യമാകുമെന്നും സംഘാടകർ വ്യക്‌തമാക്കി. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിനെക്കാൾ കുറഞ്ഞ അടിസ്ഥാന വിലയാണ് ടിക്കറ്റുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന്‍റെ പകുതിയോളം ടിക്കറ്റുകൾ 50 യൂറോയ്‌ക്ക് (ഏകദേശം 4,189 ഇന്ത്യൻ രൂപ) താഴെയുള്ള തുകയ്‌ക്ക് നൽകാനും തീരുമാനമായി.
ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ കാര്യമാണെന്ന് പാരിസ് ഒളിമ്പിക്‌സ് സംഘാടക സമിതി പ്രസിഡന്‍റ് ടോണി എസ്‌താംഗുറ്റ് പറഞ്ഞു. ഇതിലൂടെ ഒളിമ്പിക്‌സിലേക്ക് എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്നും ഒളിമ്പിക്‌സ് എല്ലാവർക്കും സ്വീകാര്യമാകുമെന്നും ടോണി എസ്‌താംഗുറ്റ് വ്യക്‌തമാക്കി.