ന്യൂഡല്‍ഹി :ടോക്കിയോ ഒളിമ്പിക്സിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്‌തി താരം സുമിത് മാലിക്കിന് സസ്‌പെന്‍ഷന്‍. ബൾഗേറിയയിൽ നടന്ന ക്വാളിഫയറിനിടെ നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടതെന്ന് യുണൈറ്റഡ് വേൾഡ് റസ്‌ലിങ് (യു.ഡബ്ലൂ.ഡബ്ലൂ), റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചു.
ഇതോടെ താരം ടോക്കിയോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. കൂടുതല്‍ സ്ഥിരീകരണത്തിനായി ജൂണ്‍ 10ന് ബി സാമ്പിള്‍ പരിശോധന നടത്തുമെന്നും യു.ഡബ്ലൂ.ഡബ്ലൂ അറിയിച്ചിട്ടുണ്ട്. ഇതും പോസിറ്റീവായാല്‍ സുമിത് മാലിക്കിന് വിലക്ക് നേരിടേണ്ടിവരും. അതേസമയം താരത്തെ പ്രാഥമികമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ബി സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്നും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു.