പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഏറ്റവുമധികം ഗ്രാൻഡ്‌സ്ലാം നേടുന്ന പുരുഷ താരമെന്ന ചരിത്ര നേട്ടത്തിലേക്കെത്തി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ നാലാം സീഡ് നോർവെയുടെ കാസ്‌പർ റൂഡിനെയാണ് ജോക്കോവിച്ച് തകർത്തെറിഞ്ഞത്. വാശിയേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് ജോക്കോവിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്‌കോർ 7-6(1), 6-3, 7-5.
വിജയത്തോടെ 23 ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ പുരുഷ താരം എന്ന ലോക റെക്കോഡും 36 കാരനായ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. മത്സരത്തിന് മുൻപ് 22 ഗ്രാൻസ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേൽ നദാലും ഒപ്പത്തിനൊപ്പമായിരുന്നു. ജോക്കോവിച്ചിന്‍റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തെ 2016, 2021 വർഷങ്ങളിലും ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരില്‍ സെര്‍ബിയന്‍ താരത്തെ ഞെട്ടിച്ചുകൊണ്ടാണ് 24 കാരനായ കാസ്‌പർ റൂഡ് പോരാട്ടം തുടങ്ങിയത്. ആദ്യ സെറ്റിന്‍റെ തുടക്കത്തിൽ തന്നെ ജോക്കോവിച്ചിന്‍റെ സർവ് ബ്രേക്ക് ചെയ്‌ത് മുന്നേറിയ റൂഡ് ഒരു ഘട്ടത്തിൽ 3-0ന് മുന്നിലായിരുന്നു.
എന്നാൽ തന്‍റെ അനുഭവ സമ്പത്ത് മുതലാക്കി ജോക്കോവിച്ച് തിരിച്ചടിച്ച് സ്‌കോർ 4-4ന് ഒപ്പത്തിനൊപ്പമെത്തിച്ചു. തുടർന്നും ഇരുവരും തമ്മിൽ കനത്ത പോരാട്ടം തന്നെ തുടർന്നു. ഇതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ റൂഡിനെ മലർത്തിയടിച്ച് 7-1 ന് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി.