ന്യൂഡല്‍ഹി:ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്രയും ജനറല്‍ സെക്രട്ടറി രാജീവ് മേത്തയും തമ്മിലുള്ള തർക്കം തുറന്ന പോരിലേക്ക് എത്തിയതോടെ ഐഒഎയുടെ ഓഫീസിലെ പ്രവർത്തനങ്ങൾ വണ്‍മാന്‍ ഷോ ആയി മാറരുതെന്ന പ്രസ്താവനയുമായി ജനറല്‍ സെക്രട്ടറി രാജീവ് മേത്ത. പ്രസിഡന്‍റിന് എഴുതിയ കത്തിലാണ് മേത്ത ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഐഒഎയില്‍ വണ്‍മാന്‍ ഷോ വേണ്ട: ജനറല്‍ സെക്രട്ടറി രാജീവ് മേത്ത - rajeev mehta news
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കീഴില്‍ വിവിധ കമ്മിറ്റികളെ നിയമിക്കുന്ന കാര്യത്തില്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്ര വീഴ്‌ച വരുത്തിയതായി ജനറല്‍ സെക്രട്ടറി രാജീവ് മേത്ത ആരോപിച്ചു
വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് പ്രസിഡന്‍റിന്‍റെ അധികാര പരിധിക്ക് പുറത്താണെന്നാണ് മേത്ത വ്യക്തമാക്കുന്നത്. നേരത്തെ ലീഗൽ കമ്മിറ്റി, യൂത്ത് കമ്മിറ്റി, ഒളിമ്പിക് എഡ്യുക്കേഷൻ, മറ്റ് അക്കാദമിക് കാര്യ സമിതി എന്നിവയിലേക്ക് പ്രസിഡന്‍റ് അംഗങ്ങളെ നിയമിച്ചത് നിയമവിരുദ്ധമായാണെന്നാണ് മേത്ത ആരോപിക്കുന്നത്. ഏതെങ്കിലും കമ്മീഷനിൽ നിന്നും കമ്മിറ്റിയിൽ നിന്നും ഏതെങ്കിലും അംഗത്തെ നീക്കം ചെയ്യാനോ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും പുതിയ കമ്മിറ്റി രൂപീകരിക്കാനൊ പ്രസിഡന്‍റിന് അധികാരമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രിസിഡന്‍റ് നല്‍കിയ കത്ത് നിയമവിരുദ്ധവും അസാധുവുമാണ്. കാരണം അതിന് നിയമപരമായി ഒരു പരിരക്ഷയും ലഭിക്കില്ല. അതിനാല്‍ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയതും അംഗീകരിച്ചതുമായ നിലവിലുള്ള കമ്മിറ്റികളും കമ്മീഷനുകളും ഐഒഎയുടെ പ്രവർത്തന സമിതികളായും കമ്മീഷനുകളായും തുടരുമെന്നും രാജീവ് മേത്ത നല്‍കിയ കത്തില്‍ പറയുന്നു.