കേരളം

kerala

ETV Bharat / sports

'മെസിയെക്കുറിച്ച് എഴുതൂല, ഞാൻ നെയ്‌മര്‍ ഫാന്‍' ; കട്ട ആരാധികയുടെ ഉത്തരം വൈറല്‍

വാര്‍ഷിക പരീക്ഷയില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം കുറിക്കില്ലെന്ന് തിരൂരിലെ ഒരു കട്ട നെയ്‌മര്‍ ആരാധിക

lionel messi  lionel messi autobiography  brazil fan  school exam  Neymar fan  Neymar  ലയണല്‍ മെസി  നെയ്‌മര്‍  അര്‍ജന്‍റീന  ബ്രസീല്‍ ആരാധകര്‍
ബ്രസീൽ ആരാധികയുടെ ഉത്തരം വൈറല്‍

By

Published : Mar 25, 2023, 4:26 PM IST

മലപ്പുറം :കളിക്കളത്തില്‍ എന്നും ചിരവൈരികളാണ് ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്‍റീനയും ബ്രസീലും. ഇരു ടീമുകളുടെയും ആരാധകരുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്‌തമല്ല. അങ്ങനെയെങ്കില്‍ ഒരു കടുത്ത ബ്രസീൽ ആരാധികയോട് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജീവചരിത്രം എഴുതാന്‍ പറഞ്ഞാല്‍ എന്താവും അവസ്ഥയെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?.

ഈ ചോദ്യം വന്നത് പരീക്ഷയിലാണെങ്കിലോ, മാര്‍ക്ക് കിട്ടേണ്ടതിനാല്‍ എഴുതും എന്ന് തന്നെയല്ലേ നിങ്ങള്‍ കരുതുക. എന്നാല്‍ ആ വിചാരം തീര്‍ത്തും തെറ്റാണ്. കാരണം മാര്‍ക്ക് കിട്ടാന്‍ വേണ്ടി ആണെങ്കില്‍ പോലും ഇഷ്‌ടതാരമായ നെയ്‌മറെക്കുറിച്ച് അല്ലാതെ ഒരു വരി എഴുതാന്‍ തയ്യാറല്ലെന്നാണ് തിരൂരിലെ ഒരു കട്ട ബ്രസീല്‍ ആരാധിക ഉത്തരക്കടലാസില്‍ കുറിച്ചിരിക്കുന്നത്.

നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലാണ് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യം വന്നത്. പക്ഷേ ബ്രസീല്‍ താരം നെയ്‌മറോടുള്ള തന്‍റെ ആരാധനയില്‍ ഉറച്ചുനിന്ന ഒരു പെണ്‍കുട്ടി ചോദ്യത്തിന് ഉത്തരം എഴുതാന്‍ തയ്യാറായില്ല. പകരം 'ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്‌മറിനെയാണ് ഇഷ്‌ടം. മെസിയെ ഇഷ്‌ടമല്ല’– എന്നായിരുന്നു കുട്ടി എഴുതിയത്.

ഉത്തര പേപ്പര്‍ പരിശോധിക്കുന്നതിനിടെ രസകരമായ പ്രതികരണം ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെറും നാല് മാര്‍ക്കിന് വേണ്ടി നെയ്‌മറെ തള്ളിപ്പറയുന്നവരല്ല തങ്ങളെന്ന് ഇപ്പോള്‍ മനസിലായില്ലേയന്നാണ് ബ്രസീല്‍ ഫാന്‍സ് ഇതിനോട് പ്രതികരിക്കുന്നത്.

അതേസമയം ആരാധകര്‍ തമ്മില്‍ കലിപ്പിലാണെങ്കിലും കളിക്കളത്തിന് അകത്തും പുറത്തും തികഞ്ഞ സൗഹൃദം പുലര്‍ത്തുന്നവരാണ് ലയണല്‍ മെസിയും നെയ്‌മറും. സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയ്‌ക്കായി ഒരുമിച്ച് പന്ത് തട്ടിത്തുടങ്ങിയത് മുതല്‍ക്കാണ് ഇരുവരും തമ്മിലുള്ള ചങ്ങാത്തം ആരംഭിക്കുന്നത്. തുടര്‍ന്ന് നെയ്‌മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്ക് മാറിയപ്പോഴും ഈ സൗഹൃദത്തിന് കുറവുണ്ടായിരുന്നില്ല.

മെസിയും നെയ്‌മറും

പിന്നീട് ബാഴ്‌സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് 2021 ഓഗസ്റ്റില്‍ മെസിയും പിഎസ്‌ജയില്‍ എത്തി. നിലവില്‍ പിഎസ്‌ജിയ്‌ക്കായാണ് ഇരു താരങ്ങളും കളിക്കുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരുന്നു.

പക്ഷേ ക്വാര്‍ട്ടര്‍ കടക്കാന്‍ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സംഘം തോല്‍വി വഴങ്ങിയത്. എന്നാല്‍ കിരീടം നേടിയാണ് ലാറ്റിനമേരിക്കാന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന തിരികെ പറന്നത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു ആൽബിസെലെസ്‌റ്റെകള്‍ കിരീടം നേടിയത്.

ALSO READ:ബയേണിന് തന്ത്രങ്ങള്‍ മെനയാൻ തോമസ് ട്യൂഷല്‍; നാഗെല്‍സ്‌മാന്‍ പുറത്ത്

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയികളെ കണ്ടെത്തിയത്. ഗോളടിച്ചും അടിപ്പിച്ചും അര്‍ജന്‍റീനയെ മുന്നില്‍ നിന്നും നയിച്ച 35കാരനായ മെസിയായിരുന്നു ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫിഫ ലോകകപ്പില്‍ മറ്റൊരു കിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പ് കൂടിയായിരുന്നു മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details