കേരളം

kerala

ETV Bharat / sports

പണമെറിഞ്ഞ് സൗദി ഫുട്‌ബോൾ, നെയ്‌മർ അല്‍ ഹിലാലില്‍: നമ്പർ പത്ത് തന്നെ

ഏകദേശം 200 മില്യണ്‍ ഡോളറിന്‍റെ (1600 കോടി) രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.

Neymar completes Saudi move to Al Hilal  നെയ്‌മർ  നെയ്‌മർ ജൂനിയർക  നെയ്‌മർ അൽ ഹിലാലിൽ  Paris Saint Germain  PSG  പിഎസ്‌ജി  സൗദി പ്രൊ ലീഗ്  Neymar completes Saudi move to Al Hilal  നെയ്‌മർ ഇനി അൽ ഹിലാലിൽ
നെയ്‌മർ

By

Published : Aug 16, 2023, 11:33 AM IST

റിയാദ് : ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർ സൗദിയിലേക്ക്. സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി താരം കരാർ ഒപ്പുവച്ചു. അൽ ഹിലാൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏകദേശം 200 മില്യണ്‍ ഡോളറിന്‍റെ (1600 കോടി) രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ഒരു വർഷം കൂടി കരാർ ബാക്കിയുള്ളതിനാൽ തന്നെ പിഎസ്‌ജിക്ക് ട്രാൻസ്‌ഫർ ഫീസായി 98 മില്യണ്‍ ഡോളർ (800 കോടി) ലഭിക്കും. തന്‍റെ ഇഷ്‌ട നമ്പറായ 10 തന്നെയാണ് നെയ്‌മർക്ക് അൽ ഹിലാലിൽ ലഭിച്ചിരിക്കുന്നത്.

2017ൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫറിലൂടെയാണ് നെയ്‌മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്‌ജിയിലേക്ക് എത്തുന്നത്. 222 മില്യണ്‍ യൂറോയായിരുന്നു ട്രാന്‍സ്‌ഫര്‍ തുക. എന്നാൽ ഫ്രഞ്ച് ക്ലബിൽ നെയ്‌മർ അസ്വസ്ഥനായിരുന്നു എന്നാണ് വിവരം. സഹതാരം കിലിയൻ എംബാപ്പെയുമായും താരം അത്ര രസത്തിലല്ലെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

പിന്നാലെ പരിക്കും സീസണിലെ ക്ലബിന്‍റെ മോശം പ്രകടനവും നെയ്‌മറെ ബാധിച്ചിരുന്നു. കൂടാതെ ലയണൽ മെസി പിഎസ്‌ജി വിട്ടതും ക്ലബ് വിടാനുള്ള നെയ്‌മറിന്‍റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് കണക്കുകൂട്ടൽ. ഒരു വർഷം കരാർ ബാക്കി നിൽക്കെ തിരികെ ബാഴ്‌സലോണയിലേക്ക് പോകാനായിരുന്നു നെയ്‌മർക്കും താൽപര്യം.

എന്നാൽ നെയ്‌മറിന്‍റെ ട്രാൻസ്‌ഫറിന് ആവശ്യമായ സാമ്പത്തിക പാക്കേജ് താങ്ങാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ബാഴ്‌സ. കൂടാതെ സമീപ വർഷങ്ങളിൽ പരിക്കുകളോടെ വലയുന്ന നെയ്‌മറെ സ്വന്തമാക്കാൻ മറ്റൊരു മുൻനിര യൂറോപ്യൻ ക്ലബ്ബും തയ്യാറായില്ല. ഇതോടെയാണ് താരം സൗദിയിലേക്ക് ചേക്കേറിയത്.

'ഞാൻ യൂറോപ്പിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുകയും പ്രത്യേക സമയങ്ങൾ ആസ്വദിക്കുകയും ചെയ്‌തു, എന്നാൽ ആഗോള തലത്തിൽ മികച്ച കളിക്കാരനാകാനും പുതിയ സ്ഥലങ്ങളിൽ പുതിയ വെല്ലുവിളികളും അവസരങ്ങളും ഉപയോഗിച്ച് എന്നെത്തന്നെ പരീക്ഷിക്കാനും ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. എനിക്ക് പുതിയ കായിക ചരിത്രം എഴുതാൻ ആഗ്രഹമുണ്ട്, സൗദി പ്രോ ലീഗിന് ഇപ്പോൾ മികച്ച ഊർജ്ജവും ഗുണനിലവാരമുള്ള കളിക്കാരുമുണ്ട്'. നെയ്‌മർ പറഞ്ഞു.

അതേസമയം താരത്തിന്‍റെ വിടവാങ്ങൽ സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്‌താവനയിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ എന്നാണ് പിഎസ്‌ജി പ്രസിഡന്‍റ് നാസർ അൽ-ഖെലാഫി നെയ്‌മറെ വിശേഷിപ്പിച്ചത്. അദ്ദേഹം പാരീസ് സെന്‍റ് ജർമനിലെത്തിയ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. കഴിഞ്ഞ ആറ് വർഷമായി ഞങ്ങളുടെ ക്ലബ്ബിനും ഞങ്ങളുടെ പദ്ധതികൾക്കും അദ്ദേഹം നൽകിയ സംഭാവനകളും മറക്കാനാകില്ല. അൽ-ഖെലാഫി പറഞ്ഞു.

പണമെറിഞ്ഞ് സൗദി : നെയ്‌മറിനെക്കൂടാതെ യൂറോപ്പിൽ നിന്ന് നാല് മികച്ച താരങ്ങളെയും അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിൽ നിന്നും റൂബൻ നെവാസ്, ലാസിയോയിൽ നിന്ന് സെർജി മിലിങ്കോവിച്ച്-സാവിക്, ചെൽസി പ്രതിരോധതാരം ഖാലിദൗ കൗലിബാലി, ബ്രസീലിയൻ താരം മാൽകോം എന്നിവരെയാണ് അൽ ഹിലാൽ സ്വന്തം തട്ടകത്തിൽ എത്തിച്ചത്.

അൽ നാസറിലേക്ക് കൂടുമാറ്റിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്നാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രധാന താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കേറുന്നത്. സൗദി ലീഗില്‍ പ്രതിഫല പട്ടികയില്‍ 1800 കോടി രൂപ വാര്‍ഷിക പ്രതിഫലവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്.

പ്രതിഫല പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ ഹിലാലിന്‍റെ താരമായ നെയ്‌മർ. മൂന്നാം സ്ഥാനത്തുള്ളത് അല്‍ ഇത്തിഫാഖിന്‍റെ ഫ്രഞ്ച് താരം കരിം ബെന്‍സേമയാണ്. 900 കോടി രൂപയാണ് ബെന്‍സേമയുടെ വാര്‍ഷിക പ്രതിഫലം. ലോക ഫുട്‌ബോളിലെ മുൻനിര താരങ്ങൾ സൗദിയിലേക്ക് മാറുന്നതോടെ ഇനിയും കൂടുതൽ താരങ്ങൾ ഇവിടേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.

ABOUT THE AUTHOR

...view details