യൂജീന്‍ :ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം.
വെള്ളിത്തിളക്കത്തില്‍ നീരജ് ; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരം
നീരജ് വെള്ളിമെഡല്‍ സ്വന്തമാക്കിയത് 88.13 മീറ്റര്‍ ദൂരം എറിഞ്ഞ്
88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് വെള്ളി സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷതാരവും, രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ്. 2003-ല്‍ മലയാളി താരം അഞ്‌ജു ബോബി ജോര്‍ജ് നേടിയ വെങ്കലമെഡലാണ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ രാജ്യത്തിന്‍റെ ഏക മെഡല്‍.
ആദ്യ ശ്രമത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം ഉറപ്പാക്കിയിരുന്നു. ആദ്യ അവസരത്തില്‍ 90.46 മീറ്റര്‍ എറിഞ്ഞ പീറ്റേഴ്‌സന്‍ അവസാന അവസരത്തില്‍ 90.54 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണം നിലനിര്‍ത്തിയത്. ടോക്കിയോ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക് താരം വാദ്‌ലെജാണ് വെങ്കലം സ്വന്തമാക്കിയത്.