സൂറിച്ച് : ഡയമണ്ട് ലീഗിലും ജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ 88.44 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചോപ്ര കിരീടം കരസ്ഥമാക്കിയത്. ഇതോടെ ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും നീരജ് സ്വന്തമാക്കി.
വജ്രത്തിളക്കത്തില്‍ നീരജ് ചോപ്ര ; ഡയമണ്ട് ലീഗ് ഫൈനലില്‍ ചരിത്രനേട്ടം - ഡയമണ്ട് ലീഗ് നീരജ് ചോപ്ര
88.44 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം നീരജ് ചോപ്ര സ്വന്തമാക്കിയത്
മത്സരത്തില്‍ രണ്ടാം ശ്രമത്തിലാണ് നീരജിന്‍റെ ജാവലിന്‍ 88.44 മീറ്ററിലേക്ക് കുതിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വദ്‌ലെക്ക് ആണ് രണ്ടാം സ്ഥാനത്ത്. നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ ദൂരമാണ് ചെക്ക് താരം ജാവലിന്‍ എറിഞ്ഞത്. 83.73 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതെത്തി.
നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസൈനില്‍ നടന്ന ഡയമണ്ട് ലീഗ് മത്സരത്തില്‍ ഒന്നാമനായാണ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട വിശ്രമത്തിന് ശേഷമാണ് ലുസൈനില്‍ കളത്തിലിറങ്ങിയതും, സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടിയതും.