സൂറിച്ച് :സൂറിച്ച് ഡയമണ്ട് ലീഗിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര (Neeraj Chopra Secures Second in Zurich Diamond League). മത്സരത്തിൽ 85.71 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്. നീരജിന്‍റെ ദൂരവുമായി 15 സെന്‍റീമീറ്റർ മാത്രം വ്യത്യാസത്തിൽ 85.86 മീറ്റർ ജാവലിൻ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെയാണ് (Jakub Vadlejch) ഒന്നാം സ്ഥാനത്ത്. ജർമനിയുടെ ജൂലിയൻ വെബറാണ് മൂന്നാമത്.
മത്സരത്തിൽ നീരജിന്‍റെ മൂന്ന് അവസരങ്ങൾ ഫൗളായി. ആദ്യ ശ്രമത്തിൽ 80.79 മീറ്റർ എറിഞ്ഞ നീരജിന്‍റെ പിന്നീടുള്ള രണ്ടും മൂന്നും ശ്രമങ്ങൾ പാഴായി. എന്നാൽ നാലാം ശ്രമത്തിൽ ദൂരം 85.22 ആയി ഉയർത്തിയ താരം അവസാന ശ്രമത്തിൽ 85.71 മീറ്റർ ദൂരം താരം കണ്ടെത്തിയതോടെ രണ്ടാമതെത്തി. 89.94 ആണ് അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച ദൂരം.
സൂറിച്ച് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടിയതോടെ നീരജ് ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി. സെപ്റ്റംബർ 17 നാണ് ഫൈനൽ. ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. നിലവില്‍ 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ 16 പോയന്‍റുമായി നീരജ് ചോപ്ര മൂന്നാം സ്ഥാനത്താണ്.
സീസണിൽ ഇത് ആദ്യമായാണ് നീരജിന് ഏതെങ്കിലുമൊരു മത്സരത്തിൽ സ്വർണം നഷ്ടമാകുന്നത്. ഏതാനും ദിവസം മുൻപ് നടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടം കൂടാതെ ദോഹ, ലൊസാനെ ഡയമണ്ട് ലീഗുകളിലും മികച്ച ജയമാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്. ദോഹയിൽ 88.67 മീറ്ററും ലോസാനിൽ 87.66 മീറ്ററും നീരജ് എറിഞ്ഞിട്ടു. ബുഡാപെസ്റ്റിലെ ലോക ചമ്പ്യാൻഷിപ്പിൽ 88.17 മീറ്റർ ദൂരമാണ് നീരജിന്‍റെ ജാവലിൻ താണ്ടിയത്.
അതേസമയം തന്‍റെ ശരീരത്തെ ബഹുമാനിക്കുക, ആരോഗ്യത്തോടെ ഇരിക്കുക ഏറ്റവും മികച്ചത് നൽകുക എന്നിവയാണ് തന്‍റെ ലക്ഷ്യമെന്ന് മത്സരത്തിനുശേഷം നീരജ് പറഞ്ഞു. "എനിക്ക് ഇപ്പോൾ വളരെ സുഖം തോന്നുന്നു, എല്ലാവരും ലോക ചാമ്പ്യൻഷിപ്പിന് ശേഷം അൽപ്പം ക്ഷീണിതരാണ്. ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം അവിടെ നൽകിക്കഴിഞ്ഞു. എന്നാൽ മത്സരത്തിൽ ഞാൻ മുൻതൂക്കം കൊടുത്തത് ആരോഗ്യത്തോടെയിരിക്കാനാണ്. ഞങ്ങൾ ഇപ്പോൾ യൂജിനിലേക്കും (ഡയമണ്ട് ലീഗ് ഫൈനൽ) ഏഷ്യൻ ഗെയിംസിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്."- നീരജ് ചോപ്ര പറഞ്ഞു.
Also read:Coach About Neeraj Chopra 'അവന് സ്വന്തമാക്കാന്‍ അത് മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ'; നീരജ് ചോപ്രയെക്കുറിച്ച് പരിശീലകന്‍
ലോക ചാമ്പ്യൻഷിപ്പില്‍ സ്വർണം നേടിയതിന് ശേഷം തോളിലും മുതുകിലും ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെന്ന് ഡയമണ്ട് ലീഗ് മത്സരത്തിന് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ നീരജ് ചോപ്ര പറഞ്ഞിരുന്നു. മെയ്-ജൂൺ മാസങ്ങളിൽ പരിശീലനത്തിനിടെ ഞരമ്പിനുണ്ടായ ബുദ്ധിമുട്ടുകാരണം ഷോപീസ് ഇവന്‍റില്‍ അദ്ദേഹം 100 ശതമാനം ഫിറ്റായിരുന്നില്ല.