പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കിലിയൻ എംബാപ്പെയ്‌ക്ക് ഇന്ത്യയിലുള്ള ജനപ്രീതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് സെയിന്‍റ് ജർമെയ്‌ന് (പിഎസ്‌ജി) വേണ്ടി കളിക്കുന്ന കിലിയന്‍ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍.
"കിലിയൻ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണ്. ഫ്രാൻസിലേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്ത്യയില്‍ എംബാപ്പെയെ അറിയാം."- എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിയ്‌ക്കായും അന്താരാഷ്‌ട്ര തലത്തില്‍ ഫ്രാന്‍സിനായുള്ള മിന്നും പ്രകടനത്തോടെയാണ് എംബാപ്പെ ഫുട്‌ബോള്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. 2018-ല്‍ ഫ്രാന്‍സിന്‍റെ ലോകകപ്പ് നേട്ടത്തില്‍ വലിയ പങ്കാണ് 24-കാരനായ താരം വഹിച്ചത്. തുടര്‍ന്ന് 2022-ലെ ഖത്തര്‍ ലോകകപ്പിലും മിന്നി. ഫൈനലിൽ അർജന്‍റീനയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് താരത്തിന്‍റെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഇതടക്കം ആകെ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടിയ താരം ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു.
ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ടീമിന്‍റെ നായക സ്ഥാനവും എംബാപ്പെയെ തേടിയെത്തി. ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹ്യൂഗോ ലോറിസിന് പകരക്കാരനായാണ് എംബാപ്പെ ഫ്രഞ്ച് ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 36ാം വയസിലാണ് ഹ്യൂഗോ ലോറിസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചത്.