റിയാദ്: എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് മുംബൈ സിറ്റി എഫ്‌സി ഇന്നിറങ്ങും. യുഎഇ ക്ലബായ അൽ ജസീറയാണ് എതിരാളികൾ. കിങ് ഫഹദ് സ്‌റ്റേഡിയത്തിൽ രാത്രി 10.45നാണ് മത്സരം.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് മുംബൈ സിറ്റി ജയിച്ചത്. ഈ ജയത്തോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന റെക്കോഡും സ്വന്തമാക്കി.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് അൽ ജസീറ ഇന്ന് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്. എയർ ഫോഴ്‌സ് ക്ലബിനെതിരായി പുറത്തെടുത്ത മികവ് ആവർത്തിക്കാനാകും മുംബൈ ശ്രമിക്കുക. മുംബൈ സിറ്റി നിലവിൽ ഒരു ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
ALSO READ:എഎഫ്‌സി ചാമ്പ്യൻസ് ലീഗ്: മുംബൈ സിറ്റിക്ക് ചരിത്ര ജയം, റെക്കോഡുമായി രാഹുൽ ബേക്കെ
ഗ്രൂപ്പ് ജേതാക്കൾ പ്രീ ക്വാർട്ടറിലെത്തും. മികച്ച രണ്ടാംസ്ഥാനക്കാർക്കും അവസരമുണ്ട്. രണ്ട് കളിയും ജയിച്ച സൗദി ക്ലബ്ബായ അൽ ഷബാബാണ് ഗ്രൂപ്പിൽ ഒന്നാമത്.