മുംബൈ : കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അര്‍ജന്‍റീനന്‍ സൂപ്പർതാരം പേരേര ഡിയാസിനെ തട്ടകത്തിലെത്തിച്ചതിൽ സ്ഥിരീകരണവുമായി മുംബൈ സിറ്റി എഫ്‌സി. കഴിഞ്ഞ സീസണിൽ ലോണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ഡിയാസ് മുംബൈയുടെ മികച്ച ഓഫർ ലഭിച്ചതോടെയാണ് ടീം മാറിയത്. പേരേര ഡിയാസിന് മുൻപ് യുവതാരം സഞ്ജീവ് സ്റ്റാലിനും ബ്ലാസ്റ്റേഴ്‌സ് വിട്ട് മുംബൈ സിറ്റിയിൽ ചേർന്നിരുന്നു.
അപ്രതീക്ഷിത നീക്കവുമായി മുംബൈ സിറ്റി ; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പേരേര ഡിയാസിനെ സ്വന്തമാക്കി - indian super league
കഴിഞ്ഞ സീസണിൽ വായ്‌പാടിസ്ഥാനത്തിലായിരുന്നു ഡിയാസ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇത്തവണ സീസണിന് മുന്നോടിയായി കരാർ അവസാനിച്ച ഡിയാസ് ഒരു അറേബ്യൻ ക്ലബ്ബില്‍ ചേരുമെന്നായിരുന്നു റിപ്പോർട്ടുകൾ
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്‌കോററായ പേരേര ഡിയാസിനെ സ്വന്തമാക്കിയതായി ട്വിറ്ററിലൂടെയാണ് മുംബൈ അറിയിച്ചത്. അൽവാരാ വാസ്‌ക്വസിനൊപ്പം 8 ഗോളുമായി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍വേട്ടക്കാരിൽ ഒന്നാമനായിരുന്നു ഡിയാസ്. അറബ് ക്ലബ്ബിലേക്ക് ഡിയാസ് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്‍റെ അപ്രതീക്ഷിത കൂടുമാറ്റം.
ക്ലബ് വിടുന്ന പല താരങ്ങളോടുമുള്ള സമീപനത്തിൽ നിന്ന് വ്യത്യസ്‌തമായി ഡിയാസിന്‍റെ കരാര്‍ അവസാനിച്ചപ്പോള്‍ താരത്തിന് നന്ദിയും ആശംസയും അറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ക്ലബ് ട്വീറ്റ് ചെയ്‌തിരുന്നു. അതുകൊണ്ട് തന്നെ മുംബൈ സിറ്റിയുടെ പ്രഖ്യാപനത്തിൽ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും രോഷവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട്. മുംബൈയുടെ പണക്കൊഴുപ്പില്‍ മറ്റ് ക്ലബ്ബുകളെ അപ്രസക്തരാക്കാന്‍ നീക്കം നടക്കുന്നതായാണ് ആക്ഷേപം.