ലണ്ടൻ :പ്രീമിയർ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സമാനമാണ് ടോപ് ഫോറിൽ ഇടം പിടിക്കുന്നതിനായും നടക്കുന്നത്. പോയിന്‍റ് പട്ടികയിൽ നാല്, അഞ്ച് സ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡ് - ടോട്ടൻഹാം മത്സരഫലമാണ് ഏറെ ശ്രദ്ധേയമായത്.
സെന്‍റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 6-1നാണ് ന്യൂകാസിൽ ടോട്ടൻഹാമിനെ തകർത്തെറിഞ്ഞത്. 21 മിനിട്ടിനകം നേടിയ അഞ്ച് ഗോളുകളാണ് ടോട്ടനത്തിന്‍റെ കഥ കഴിച്ചത്. ന്യൂകാസിലിനായി ജേക്കബ് മർഫി, അലക്‌സാണ്ടർ ഇസാക് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ ജൊലിന്‍റൺ, വിൽസൺ എന്നിവർ ഓരോ ഗോൾ വീതം നേടി.
ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ടീമായി ന്യൂകാസിൽ യുണൈറ്റഡ്. എന്നാൽ ഇതാദ്യമല്ല പ്രീമിയർ ലീഗിലെ മികച്ച ടീമുകൾ ഇത്തരം നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ലിവർപൂൾ, ചെൽസി എന്നീ വമ്പൻമാരെല്ലാം നാണക്കേടിന്‍റെ ഭാരം ചുമലിലേറുന്നവരാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ടോപ് ഫ്ലൈറ്റ് ടീമുകൾ നേരിട്ട വലിയ തോൽവികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
മാഞ്ചസ്റ്റർ യുണൈറ്റഡ് 8-2 ആഴ്‌സണൽ : 2011ൽ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 8-2ന് തോറ്റ ആഴ്‌സണൽ 1896ന് ശേഷമുള്ള ഏറ്റവും മോശം തോൽവിയാണ് ഏറ്റുവാങ്ങിയത്. പരിക്കും സസ്‌പെൻഷനും പ്രധാന താരങ്ങളില്ലാതെയായിരുന്നു ആഴ്‌സണൽ ഇറങ്ങിയിരുന്നത്. ഹാട്രിക്കുമായി വെയ്‌ൻ റൂണി മിന്നിത്തിളങ്ങിയ മത്സരത്തിൽ ആഷ്‌ലി യങ് രണ്ട് ഗോളുകൾ നേടി. ഡാനി വെൽബെക്ക്, നാനി, പാർക് ജി സുങ് എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി.
ആൻഫീൽഡിൽ ചാരമായി യുണൈറ്റഡ് : പുതിയ പരിശീലകനായെത്തിയ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് ടീം സീസണിലുടനീളം പുറത്തെടുക്കുന്നത്. കറബാവോ കപ്പ് (ഇഎഫ്എല്‍) സ്വന്തമാക്കി കിരീട വരള്‍ച്ചയ്‌ക്ക് വിരാമമിട്ട യുണൈറ്റഡ് ലിവർപൂളിനെതിരെ 7-0ന്‍റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളും പകരക്കാരനായി കളത്തിലെത്തിയ റോബർട്ടോ ഫിർമിനോ എന്നിവർ നേടിയ ഗോളുകളുമാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളുടെ കൂട്ടത്തിലേക്കാണ് ഈ മത്സരത്തോടെ യുണൈറ്റഡ് ഒന്നുകൂടി എഴുതിച്ചേർത്തത്. 1926 ൽ ബ്ലാക്ക്ബേൺ റോവേഴ്‌സ്, 1930 ൽ ആസ്റ്റൻ വില്ല, 1931 ൽ വോൾവർഹാംടൺ വാണ്ടറേഴ്‌സ് ടീമുകളോടും ഇതേ സ്കോറിന് തോറ്റിട്ടുണ്ട്.