ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളിന് ജയം. ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോൽപ്പിച്ചത്. 19-ാം മിനിറ്റില്‍ ലൂയിസ് ഡയസ് ആദ്യ ഗോള്‍ നേടി. 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം മുഹമ്മദ് സലാ ഗോള്‍പ്പട്ടിക തികച്ചു.
ഈ ഗോളോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം 2000 ഗോള്‍ തികയ്ക്കുന്ന ക്ലബ്ബാകാനും ലിവര്‍പൂളിന് കഴിഞ്ഞു. യുണൈറ്റഡിന് 2172 ഉം ലിവര്‍പൂളിന് 2000 ഉം ഗോളുകളാണുള്ളത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നാക്കാനും ലിവര്‍പൂളിനായി. 28 കളിയിൽ സിറ്റിക്ക് 69 ഉം ലിവര്‍പൂളിന് 66 ഉം പോയിന്‍റുണ്ട്. സീസണിൽ 10 കളി ആണ് ബാക്കിയുള്ളത്. അതേസമയം മത്സരത്തിനിടെ സലായ്ക്ക് പരിക്കേറ്റതില്‍ ലിവര്‍പൂളിന് ആശങ്കയാണ്.
ALSO READ:എക്കാലത്തെയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍; ക്രിസ്റ്റ്യാനോയ്‌ക്ക് മറ്റൊരു റെക്കോഡ്
അതേസമയം, ബ്രൈറ്റണിനെതിരായ ഗോൾനേട്ടത്തോടെ കരിയറിൽ മറ്റൊരു റെക്കോഡ് സ്വന്തമാക്കി സലാ. ക്ലബ്ബിനായി കൂടുതൽ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് തേടിയത്തിയത്. പ്രീമിയർ ലീഗിൽ ലിവര്‍പൂളിനായി 184 കളിയിൽ 161 ഗോളുകളിലാണ് സലാ പങ്കാളിയായത്. 117 ഗോള്‍ നേടിയ സലായുടെ പേരില്‍ 44 അസിസ്റ്റുകളുണ്ട്.
212 ഗോളുകളില്‍ പങ്കാളിയായ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ പേരിലാണ് ക്ലബ് റെക്കോര്‍ഡ്. 504 മത്സരങ്ങളിലായി 120 ഗോള്‍ നേടിയ ജെറാര്‍ഡ് 92 ഗോളിന് വഴിയൊരുക്കി. ഈ ഗോളോടെ സീസണിൽ 20 പൂർത്തിയാക്കി. ലിവര്‍പൂലിലെ അഞ്ച് സീസണിൽ നാലാം തവണയാണ് സലാ 20 ഗോളുകള്‍ തികയ്ക്കുന്നത്. 2017ലാണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളിൽ ചേര്‍ന്നത്.