ചണ്ഡീഗഢ്: ഇതിഹാസ സ്പ്രിന്‍റര്‍ മിൽഖ സിങ്ങിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കുടുംബാംഗങ്ങളുടൊപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ വിപി സിങ് ബദ്‌നോർ, പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ് ബാദൽ, ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഇതിഹാസത്തോടുള്ള ബഹുമാന സൂചകമായി പഞ്ചാബില്‍ ഒരുദിവസത്തെ ദുഃഖാചരണവും പൊതുഅവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മിൽഖയുടെ സ്മരണാര്‍ത്ഥം പട്യാലയിലെ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ് ചെയർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. മിൽഖയുടെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ജീവിതം യുവ തലമുറക്ക് പ്രചോദനമാകുമെന്നും അമരീന്ദർ സിങ് പറഞ്ഞു.