ദോഹ: ലോകകപ്പിന് കളമൊരുങ്ങിയാൽ ഗ്യുല്ലർമോ ഒച്ചാവോ എന്ന മെക്‌സിക്കൻ ഗോൾകീപ്പർ വേറെ ലെവലാണ്. എതിരാളികൾ ആരായാലും നെഞ്ചും വിരിച്ച് നേരിടുന്ന പോരാട്ട വീര്യം... ഗോൾ ബാറിന് കീഴിൽ അത്ര മികച്ച റെക്കോഡുകളെന്നും അവകാശപ്പെടാനില്ലങ്കിലും രാജ്യത്തിനായി ഗോൾവല കാത്തപ്പോഴൊന്നും നിരാശപ്പെടുത്തിയിട്ടില്ല...
ഒച്ചാവോ ലോകകപ്പ് കളിക്കാൻ തുടങ്ങിയത് മുതൽ കയ്യടി വാങ്ങാത്ത ഒരു ലോകകപ്പും കടന്നു പോയിട്ടില്ല... 2005ലാണ് രാജ്യത്തിനായി ഒച്ചാവോ ഗ്ലൗസ് അണിയുന്നത്. മെക്‌സിക്കോക്കായി അഞ്ചാം ലോകകപ്പാണ് ഒച്ചാവോ കളിക്കുന്നത്.
പേരുകേട്ട താരപ്പെരുമയോ കിരീടങ്ങളോ ഇല്ലാത്ത മെക്‌സിക്കോ സമീപകാലത്ത് ലോകകപ്പ് വേദികളിലെ സ്ഥിരസാന്നിധ്യമാണ്. അവസാന സെക്കന്‍റുകളിലും മികച്ച പോരാട്ട വീര്യം പുറത്തെടുക്കുന്ന മെക്‌സിക്കോയോ കീഴടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന്‍റെ പ്രാധാന കാരണം ഗോൾബാറിന് കീഴിലെ 37 കാരനായ ഒച്ചാവോ തന്നെയാണ്.
പതിവ് പോല തന്നെ ഖത്തറിലും തന്‍റെ ചോരാത്ത കൈകളുമായി ടീമിന് കരുത്തേകുകയാണ്. പല വമ്പൻ താരങ്ങളും ടീമുകളും ഒച്ചാവോയെന്ന ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ അടിപതറിയിട്ടുണ്ട്. അതിന്‍റെ ഒടുവിലത്തെ ഇരയാണ് ലെവൻഡോവ്‌സ്‌കിയും പോളണ്ടും എന്നുമാത്രം..
മത്സരത്തിൽ പോളണ്ടിനനകൂലമായി ലഭിച്ച പെനാൽറ്റിയെടുക്കാൻ ഒരുങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അനായാസം പന്ത് വലയിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ മനസാന്നിധ്യം കൈവെടിയാതെ നിന്ന ഒച്ചാവോ പന്ത് തട്ടിയകറ്റി മെക്‌സിക്കോയുടെ പ്രതീക്ഷ കാത്തു. അതോടെ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ ഗോൾവേട്ടക്കാരൻ ലെവൻഡോവ്‌സ്‌കിയും 37കാരന്‍റെ കൈകരുത്തിന് മുന്നിൽ തലതാഴ്‌ത്തി മടങ്ങി.
2006, 2010 ലോകകപ്പുകളിൽ മെക്‌സിക്കൻ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ 2014ലെ ബ്രസീൽ ലോകകപ്പിലാണ് ഒച്ചാവോയെന്ന വണ്ടർ ഗോൾകീപ്പറിൽ ലോകത്തിന്‍റെ കണ്ണുടക്കുന്നത്. അന്ന് ബ്രസീലിനെതിരായ മത്സരത്തിൽ ആറോളം സേവുകള്‍ നടത്തിയ ഒച്ചോവയെ കടന്ന് ഒരൊറ്റ ഗോളും മെക്‌സിക്കൻ വലയിൽ എത്തിയില്ല. നെയ്മറും ഫ്രഡും ഓസ്‌കാറും അടങ്ങുന്ന ബ്രസീലിയൻ മുന്നേറ്റനിരയുടെ ആക്രമണങ്ങളെ അനായാസം ചെറുത്തുനിന്നു ഒച്ചാവോ.
2018- ലോകകപ്പിലും ഒച്ചാവോ പതിവ് പ്രകടനം തുടര്‍ന്നു. ജര്‍മനിയ്‌ക്കെതിരെ എണ്ണം പറഞ്ഞ ഒമ്പത് സേവുകളാണ് നടത്തിയത്. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം തുടര്‍ന്ന ഒച്ചാവോ കായികപ്രേമികളുടെ മനം കവര്‍ന്നാണ് റഷ്യൻ മണ്ണിൽ നിന്ന് മടങ്ങിയത്. ഇത്തവണ ഖത്തറിലും മഹാപർവ്വതം കണക്കെ നിലയുറപ്പിക്കുന്ന ഒച്ചോവയയാണ് കാണാനായത്. അടുത്ത മത്സരത്തിൽ അർജന്‍റീനയെ നേരിടുന്ന മെക്‌സിക്കോയുടെ പ്രതീക്ഷയും ഈ താരത്തിൽ തന്നെയാകുമെന്ന് നിസംശയം പറയാം...