പാരീസ്:ഫ്രഞ്ച് ലീഗിന്‍റെ പുതിയ സീസണില്‍ പിഎസ്‌ജിയ്‌ക്കായി തന്‍റെ ആദ്യ മത്സരത്തിനിറങ്ങിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ ഒരു പറ്റം ആരാധകര്‍. കളക്കളത്തില്‍ മെസിയടക്കമുള്ള മറ്റ് താരങ്ങളോടുള്ള എംബാപ്പെയുടെ സമീപനത്തിന് നേരെയാണ് വിമര്‍ശനം. സീസണിലെ ആദ്യ മത്സരത്തില്‍ പുറത്തിരുന്ന എംബാപ്പെ മോണ്ട്‌പെല്ലിയെറിനെ കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയിരുന്നു.
മെസി, നെയ്‌മര്‍ എന്നിവര്‍ക്കൊപ്പം മുന്നേറ്റ നിരയില്‍ സ്ഥാനം പിടിച്ച എംബാപ്പെ കളിക്കളത്തില്‍ സ്വാര്‍ഥനായാണ് പെരുമാറുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തിന്‍റെ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്‌ടപ്പെടുത്തി. തുടര്‍ന്ന് ആദ്യപകുതിയുടെ അവസാന സമയത്ത് പോര്‍ച്ചൂഗീസ് താരം വിക്‌ടർ ഫെരേരയോട് എംബാപ്പെ ദേഷ്യപ്പെട്ടതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
തനിക്ക് പകരം പോർച്ചുഗീസ് മിഡ്‌ഫീൽഡർ മെസിക്ക് പാസ് നല്‍കിയതിനാണ് എംബാപ്പെ നീരസം പ്രകടിപ്പിച്ചത്. 23കാരനായ താരത്തിന്‍റ പെരുമാറ്റം ഇത്തരത്തിലാണെങ്കില്‍ പിഎസ്‌ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഹതാരങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എംബാപ്പെ മെസിയെ കണ്ട് പഠിക്കണമെന്നും ഇവര്‍ പറയുന്നു.
മത്സരത്തില്‍ മെസി നേടിയെടുത്ത പെനാല്‍റ്റിയെടുക്കാന്‍ നെയ്‌മര്‍ക്ക് അവസരം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാര്‍ഥതമൂലമുള്ള ഇത്തരം കോമാളിത്തരങ്ങള്‍ എംബാപ്പെ നിര്‍ത്തിയില്ലെങ്കില്‍ പിഎസ്‌ജിക്ക് വലിയ വിലനല്‍കേണ്ടിവരുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മോണ്ട്‌പെല്ലിയെറിനെ നെയ്‌മർ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെ, റെനാറ്റോ സാഞ്ചസും ലക്ഷ്യം കണ്ടിരുന്നു. മെസിക്ക് ഗോള്‍ നേടാനായില്ല. എന്നാല്‍ എംബാപ്പെയില്ലാതിരുന്ന ആദ്യ മത്സരത്തില്‍ ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റുകളുമായി കളം നിറഞ്ഞ് കളിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.