പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജർമനിൽ നിന്ന് നെയ്‌മർ ഉൾപ്പെടെയുള്ള 14 താരങ്ങളേയും കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയേയും പുറത്താക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ 'വ്യാജം' എന്ന ഒറ്റ വാക്കിലാണ് താരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.
റയൽ മാഡ്രിഡും പിഎസ്‌ജിയും സമാനമായ ഓഫറാണ് എംബാപ്പെയ്‌ക്ക് മുന്നോട്ട് വച്ചതെങ്കിലും താരം പിഎസ്‌ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനാൽ തന്നെ എംബാപ്പെയ്‌ക്ക് പ്രത്യേക ഇടപെടലുകൾ നടത്താൻ ക്ലബ് അധികാരം നൽകിയെന്നും തുടർന്ന് ചില താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയാണ് റിപ്പോർട്ട് ചെയ്‌തത്.