ന്യൂഡല്‍ഹി:ആറ് തവണ ലോകചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയ വനിതാ ബോക്സിങ് താരം മേരി കോം അവസാന റൗണ്ടില്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി ഒളിമ്പിക് യോഗ്യതാ മത്സരത്തിലേക്ക് യോഗ്യത നേടി. 51കിലോ വിഭാഗത്തില്‍ 9-1നാണ് സരീനെ പരാജയപ്പെടുത്തിയത്.
മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ സരീന്‍ ദേശീയ ചാമ്പ്യന്‍ ജ്യോതി ഗുലിയയെ പരാജയപ്പെടുത്തിയാണ് മേരി കോമിനെതിരെ റിങിലെത്തിയത്. ഈ ആത്മവിശ്വാസത്തിലായിരുന്നു സരീന്‍ ഇടിക്കൂട്ടിലിറങ്ങിയത്.
ബോക്സിങ് ഫെഡറേഷന്‍റെ സെലക്ഷന്‍ പോളിസിയെക്കുറിച്ച് മേരി കോമിനെതിരെ സരീന്‍ ഏതാനും ആഴ്ച മുമ്പ് രംഗത്തെത്തിയിരുന്നു. അതേസമയം ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാനുള്ള തയ്യാറെടുപ്പ് മേരി കോം നേരത്തെ തന്നെ തുടങ്ങിയിരുന്നു.
നിരവധി റെക്കോര്‍ഡുകള്‍ ഈ മണിപ്പൂരുകാരി സ്വന്തം പേരിലാക്കിയിട്ടുണ്ടെങ്കിലും ഒളിമ്പിക്സില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കാന്‍ മേരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2016ലെ ഒളിമ്പിക്സിനു യോഗ്യ നേടാന്‍ കഴിയാതിരുന്നത് ഇപ്പോഴും ദുഖമാണ്. റിയോ ഒളിമ്പിക്സിന് യോഗ്യത നേടാന്‍ കഴിയാതിരുന്നതിനാല്‍ വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്നതാവുമോ ടോക്യോ ഒളിമ്പിക്സെന്ന കാത്തിരിപ്പിലാണ് ലോകം.