നിക്കോസിയ (സൈപ്രസ്):യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി മനീഷ കല്യാൺ. സൈപ്രസിലെ ചാമ്പ്യന്‍ ക്ലബ്ബായ അപ്പോളോണ്‍ ലേഡീസിനായി അരങ്ങേറ്റം നടത്തിയാണ് മനീഷ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. യുവേഫ വനിത ചാമ്പ്യൻസ് ലീഗില്‍ അപ്പോളോണിന്‍റെ ആദ്യ മത്സരത്തില്‍ ലാത്വിയൻ ക്ലബായ റിഗാസ് എഫ്എസിനെതിരെയാണ് മനീഷ കളിച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടവുമായി മനീഷ കല്യാൺ
സൈപ്രസിലെ ചാമ്പ്യന്‍ ക്ലബ്ബായ അപ്പോളോണ്‍ ലേഡീസിനായി അരങ്ങേറ്റം നടത്തി ഗോകുലം കേരള എഫ്‌സി മുന്‍ താരം മനീഷ കല്യാൺ.
മത്സരത്തിന്‍റെ 60ാം മിനിട്ടില്‍ പകരക്കാരിയായാണ് 20കാരിയായ താരം കളത്തിലെത്തിയത്. തുടര്‍ന്ന് 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. മത്സരത്തിൽ റിഗാസ് എഫ്‌എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചിരുന്നു. ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഗോകുലം കേരള എഫ്‌സി മുന്‍ താരത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനമായി.
2018ല്‍ ഗോകുലത്തിലെത്തിയ താരം മികച്ച പ്രകടനം നടത്തിയിരുന്നു. ടീമിന്‍റെ രണ്ട് വിമൻസ് ലീഗ് കിരീടങ്ങളില്‍ പ്രധാന പങ്കാണ് പഞ്ചാബ് സ്വദേശിനിക്കുള്ളത്. 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് ഗോകുലത്തിനായി മനീഷ അടിച്ച് കൂട്ടിയത്. ഈ പ്രകടനമാണ് താരത്തിന് അപ്പോളോണിലേക്കുള്ള വാതില്‍ തുറന്നത്. അതേസമയം 2021-22 സീസണില്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോളറായും അടുത്തിടെ മനീഷയെ തെരഞ്ഞെടുത്തിരുന്നു.