ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് (FIFA Club World Cup) കിരീടവും നാട്ടിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി (Manchester City Wins Club World Cup). ജിദ്ദയിലെ കിങ് അബ്‌ദുള്ള സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ക്ലബ് ഫ്ലുമിനെസെയെ (Fluminese) തോല്‍പ്പിച്ചാണ് സിറ്റി ക്ലബ് ലോകകപ്പില്‍ മുത്തമിട്ടത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം (Club World Cup Final Result).
അര്‍ജന്‍റൈന്‍ യുവതാരം ഹൂലിയന്‍ അല്‍വാരസ് (Julian Alvarez) ഇരട്ടഗോളുകള്‍ നേടി ഫൈനലില്‍ സിറ്റിയുടെ ഹീറോയായി. ഫില്‍ ഫോഡനും (Phil Foden) സിറ്റിക്കായി എതിര്‍ വലയില്‍ പന്തെത്തിച്ചു. ഒരു സെല്‍ഫ് ഗോളാണ് കലാശപ്പോരാട്ടത്തില്‍ ഫ്ലുമിനെസെയയുടെ തോല്‍വി ഭാരം കൂട്ടിയത്.
ബ്രസീലിയന്‍ സംഘം ഫ്ലുമിനെസെയെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കലാശപ്പോരില്‍ പുറത്തെടുത്തത്. അല്‍വാരസിനെ മുന്‍ നിര്‍ത്തിയായിരുന്നു സിറ്റിയുടെ ആക്രമണങ്ങള്‍. അല്‍വാരസിന് പിന്നിലായി ഫില്‍ ഫോഡനും ബെര്‍ണാഡോ സില്‍വയും ജാക്ക് ഗ്രീലിഷും അണിനിരന്നു.
ഇവരുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഫ്ലുമിനെസെ നന്നേ പാടുപ്പെട്ടു. മത്സരം ചൂടുപിടിക്കുന്നതിന് മുന്‍പ് തന്നെ സിറ്റി ആദ്യ വെടി പൊട്ടിച്ചു. 45-ാം സെക്കന്‍ഡില്‍ അല്‍വാരസാണ് ഗോള്‍ നേടിക്കൊണ്ട് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്.