മ്യൂണിക് : യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റിയെ സെമിയിലെത്തിച്ചത്. ഇരുപാദങ്ങളിലുമായി 4-1 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് പെപ് ഗ്വാർഡിയോളയുടെ ടീമിന്‍റെ വിജയം. ഇതോടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി സ്വപ്‌ന സെമിഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മെയ് ഒമ്പതിനാണ് ആദ്യ പാദ സെമിഫൈനൽ മത്സരം.
മാഞ്ചസ്റ്റർ സിറ്റിക്കായി എർലിങ് ഹാലണ്ടും ബയേണിനായി പെനാൽറ്റിയിലൂടെ ജോഷ്വ കിമ്മിച്ചുമാണ് ഗോൾ നേടിയത്. നേരത്തെ പെനാൽറ്റി നഷ്‌ടമാക്കിയ ഹാലണ്ട് രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയിനെയുടെ പാസിൽ നിന്നാണ് ബയേൺ വലയിൽ പന്തെത്തിച്ചത്.
മൂന്ന് ഗോളിന്‍റെ കടവുമായി സ്വന്തം മൈതാനത്തിറങ്ങിയ ബയേൺ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ തന്നെ ബയേണിന് ലീഡ് നേടാനുള്ള മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരം ലിറോയ് സാനെ കളഞ്ഞു കുളിച്ചു.
ഇതിന് പിന്നാലെ എർലിങ് ഹാലണ്ടിനെ വീഴ്ത്തിയതിന് ബയേൺ സെന്‍റർ ബാക്ക് ഉപമെകാനോയ്ക്ക് റഫറി ചുവപ്പ് കാർഡ് നൽകി. എന്നാൽ, ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചത് കാരണം റഫറി തീരുമാനം പിൻവലിച്ചതോടെ ബയേണിന് ആശ്വാസമായി. 37-ാം മിനിറ്റിൽ ഉപമെകാനോയുടെ ഹാൻഡ് ബോളിന് സിറ്റിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത ഏർലിങ് ഹാലണ്ട് ക്രോസ് ബാറിന് മുകളിലൂടെ പറത്തി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.