ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) അത്‌ലറ്റിക്‌സില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളിയായ എം ശ്രീശങ്കര്‍ (M Sreeshankar) വെള്ളി നേടിയപ്പോള്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ (Jinson Johnson) വെങ്കലം സ്വന്തമാക്കി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് പാലക്കാട്ടുകാരനായ എം ശ്രീശങ്കര്‍ വെള്ളി നേടിയത് (M Sreeshankar wins long jump silver Asian Games 2023).
ശ്രീശങ്കറിന്‍റെ ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചിരുന്നു. രണ്ടും മൂന്നും ചാട്ടങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്‌ത താരം നാലാമത്തെ ശ്രമത്തിലാണ് വെള്ളിയിലേക്കുള്ള ദൂരം കണ്ടെത്തിയത്. അഞ്ചാം ശ്രമം ഫൗളായപ്പോള്‍ അവസാന ശ്രമത്തില്‍ 8.19 മീറ്റര്‍ ദൂരം മെച്ചപ്പെടുത്താനായില്ല. മൂന്ന് സെന്‍റീമീറ്റര്‍ വ്യത്യാസത്തില്‍ ചൈനയുടെ വാങ് ജിയാനാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 8.22 മീറ്ററാണ് ചൈനീസ് താരം ചാടിയത്.
1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്ന് മിനിട്ട് 39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് കോഴിക്കാട്ടുകാരനായ ജിന്‍സന്‍ ജോണ്‍സണ്‍ വെങ്കലം സ്വന്തമാക്കിയത് (Jinson Johnson won bronze in men’s 1500m Asian Games 2023). ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അജയ് കുമാർ സരോജാണ് വെള്ളി നേടിയത്. മൂന്ന് മിനിട്ട് 38.94 സെക്കന്‍ഡിലാണ് അജയ് കുമാർ ഫിനിഷ് ചെയ്‌തത്.