ബാങ്കോക്ക് :ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2023-ന്‍റെ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഭാഗ്യചിഹ്നമായി തായ് ഹനുമാന്‍റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
"ഭഗവാന്‍ ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്‍ തന്‍റെ വേഗം, ശക്തി, ധൈര്യം, ജ്ഞാനം എന്നിവയുൾപ്പടെയുള്ള അസാധാരണമായ കഴിവുകള്‍ ഉപയോഗിച്ചു. ഹനുമാന്‍റെ ഏറ്റവും പ്രധാന സവിശേഷതകള്‍ അര്‍പ്പണമനോഭാവമാണ്" - ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഹനുമാനെ ഭാഗ്യചിഹ്നമാക്കിയത് എന്നാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ വെബ്‌സൈറ്റില്‍ പറയുന്നത്.
ഹനുമാനെപ്പോലെ ധൈര്യവും ശക്തിയും എല്ലാ കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ സംഘാടകര്‍ തങ്ങളുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കോണ്ടിനന്‍റൽ ഗവേണിങ് ബോഡി സ്ഥാപിതമായതിന്‍റെ 50-ാം വാർഷികത്തിലാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ്. ജൂലായ് 12 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂര്‍, മലയാളിയായ ലോങ് ജംപർ മുരളി ശ്രീശങ്കര്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. ശ്രീശങ്കര്‍ അടക്കം നിരവധി മലയാളി താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്നുണ്ട്. മത്സരങ്ങള്‍ക്കായി കഴിഞ്ഞ ശനിയാഴ്‌ച ഇന്ത്യന്‍ സംഘം യാത്രയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വ്യത്യസ്‌ത സംഘങ്ങളായാണ് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ബാങ്കോക്കിലേക്ക് പറന്നത്. ചാമ്പ്യന്‍ഷിപ്പിന്‍റെ 25-ാം പതിപ്പാണ് ഇത്തവണ തായ്‌ലന്‍ഡില്‍ അരങ്ങേറുന്നത്.
കൊവിഡിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2019-ല്‍ ദോഹയിലായിരുന്നു ഇതിന് മുന്നെത്ത പതിപ്പ് അരങ്ങേറിയത്. അന്ന് രണ്ട് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 15 മെഡലുകളാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 2017-ല്‍ ഭുവനേശ്വറില്‍ നടന്ന പതിപ്പിലാണ് രാജ്യത്തിന്‍റെ ഇതേവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അന്ന് ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും 12 വെങ്കലവും ഉള്‍പ്പടെ 27 മെഡലുകള്‍ നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
എക്കാലത്തെയും മെഡൽ പട്ടികയിൽ ചൈനയ്ക്കും ജപ്പാനും മാത്രം പിന്നിലാണ് ഇന്ത്യയ്‌ക്ക് എത്താന്‍ കഴിഞ്ഞിരുന്നത്. എന്നാൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരം ഇന്ത്യയുടെ മലയാളി താരമായ പിടി ഉഷയാണ്. 14 സ്വർണമടക്കം 23 മെഡലുകളുമായാണ് പയ്യോളിക്കാരിയായ പിടി ഉഷ റെക്കോർഡിട്ടത്. 23 മെഡലുകളിൽ 10 സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 15 മെഡലുകള്‍ വ്യക്തിഗത ഇനങ്ങളിലാണ് ഉഷ നേടിയത്.
ALSO READ: Novak Djokovic | ജോക്കോയുടെ ഷൂസില്‍ പ്രിന്‍റ് ചെയ്‌തത് കാല്‍ക്കീഴിലാക്കിയ ഗ്രാന്‍റ്സ്ലാം കിരീടങ്ങളുടെ എണ്ണമോ... 23 ഉം കടന്ന് 24ലേക്ക്
ബാക്കിയുള്ളവ 4x100 മീറ്റർ, 4x400 മീറ്റർ റിലേ മത്സരങ്ങളിലായിരുന്നു. 1983 മുതൽ 1989 വരെ 400 മീറ്റര്‍ ഓട്ടത്തില്‍ ഉഷയുടെ ഭരണമാണുണ്ടായത്. തുടർച്ചയായി നാല് പതിപ്പുകളിലാണ് താരം സ്വര്‍ണം ഓടിയെടുത്തത്. 1998-ല്‍ ഇതേവിഭാഗത്തില്‍ താരം വെങ്കലം നേടിയിരുന്നു. ഇത്തവണ തങ്ങളുടെ നില മെച്ചപ്പെടുത്തി ചൈനയ്ക്കും ജപ്പാനും വെല്ലുവിളിയാവാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മുരളി ശ്രീശങ്കര്‍ അടക്കമുള്ള താരങ്ങള്‍ മെഡല്‍ പ്രതീക്ഷയിലാണ്.