മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദ മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. ബെൻഫിക്കയെ അവരുടെ മൈതാനത്ത് നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ജയമാണ് നേടിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണ ഫുട്ബോളിനെ തടയാൻ പ്രതിരോധക്കളിയാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പുറത്തെടുത്തത്. പതിനൊന്ന് താരങ്ങളും പ്രതിരോധത്തിലൂന്നി ബസ് പാർക്കിങ് നടത്തിയപ്പോൾ കെവിൻ ഡി ബ്രൂയ്‌ൻ നേടിയ ഗോളിലാണ് സിറ്റി ജയം നേടിയത്. 70-ാം മിനിറ്റിൽ ഫിൽ ഫോഡൻ നൽകിയ പാസിൽ നിന്നാണ് ഡി ബ്രൂയ്‌ൻ അത്ലറ്റിക്കോ വലയിൽ പന്തെത്തിച്ചത്.
ഡിബ്രുയിന്‍റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. മത്സരത്തിൽ 71 ശതമാനം പന്തും കൈവച്ച സിറ്റി 15 ഷോട്ടുകളാണ് ഉതിർത്തത്. എങ്കിലും, ഇതിൽ രണ്ടെണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റ്. മറുവശത്ത്, ഒരു ഷോട്ട് പോലും ഉതിർക്കാതെയാണ് അത്ലറ്റിക്കോ കളം വിട്ടത്. അടുത്ത ആഴ്‌ച മാഡ്രിഡിലാണ് രണ്ടാം പാദ ക്വാർട്ടർ മത്സരം.