വിയ്യാറയല്‍: വിയ്യാറയലിനെതിരായ തകർപ്പൻ ജയത്തോടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് ലിവർപൂൾ. വിയ്യാറയലിന്‍റെ തട്ടകത്തിർ നടന്ന രണ്ടാം സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ആദ്യ പാദ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ലിവർപൂൾ വിയ്യാറയലിനെ പരാജയപ്പെടുത്തിയിരുന്നു.
CHAMPIONS LEAGUE: വിയ്യാറയലിനെതിരെ തകർപ്പൻ ജയം; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് ലിവർപൂൾ - Liverpool into the champions league final
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്‍റെ വിജയം
മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ ഗോൾ നേടി ഞെട്ടിച്ചുകൊണ്ടാണ് വിയ്യാറയൽ തുടങ്ങിയത്. ബൊലെയ് ഡയുയുടെ വകയായിരുന്നു ഗോൾ. തുടർന്ന് 41-ാം മിനിട്ടിലും ഫ്രാൻസിസ് കോക്വലിനിലൂടെ രണ്ടാം ഗോളും നേടി വിയ്യാറയൽ ലീഡുയർത്തി. ഇതോടെ മത്സരത്തിൽ അട്ടിമറി സാധ്യതകൾ ഉണ്ടാകുമെന്ന് തോന്നലുണർത്തി. രണ്ട് ഗോളിന്‍റെ ലീഡുമായി വിയ്യാറയൽ ആദ്യ പകുതി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ ഉണർന്നുകളിച്ചു. 12 മിനിട്ടിനിടെ മൂന്ന് ഗോളുകളാണ് ലിവർപൂൾ തിരിച്ചടിച്ചത്. 62-ാം മിനിട്ടിൽ ഫാബിഞ്ഞോയിലൂടെ ആദ്യ ഗോൾ നേടിയ ലിവർപൂൾ 67-ാം മിനിട്ടിൽ ലൂയിസ് ഡിയാസിലൂടെയും, 74-ാം മിനിട്ടിൽ സാദിയോ മാനേയിലൂടെയും മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.