ചാമ്പ്യന്‍സ് ലീഗിന്‍റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്കായി ബെൻഫിക്കയ്‌ക്കെതിരെ നേടിയ കര്‍വിങ് ഗോളാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആരാധകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെസിയുടെ ഗോള്‍ മികച്ചതായി തെരഞ്ഞെടുത്തത്.
ചാമ്പ്യന്‍സ് ലീഗിന്‍റെ 2022/23 സീസണിലെ മികച്ച 10 ഗോളുകള്‍ നേരത്തെ തന്നെ യുവേഫയുടെ ടെക്നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതു പ്രകാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ നേടിയ ഗോളായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. കിലിയന്‍ എംബാപ്പെ യുവന്‍റസിനെതിരെ നേടിയ ഗോളിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു മെസിയുടെ ഗോളുണ്ടായിരുന്നത്.
എന്നാല്‍ ആരാധകരുടെ വോട്ടെടുപ്പ് വന്നതോടെ 36-കാരനായ മെസിയുടെ ഗോള്‍ പട്ടികയില്‍ തലപ്പത്ത് എത്തുകയായിരുന്നു. ഔദ്യോഗിക പട്ടികയില്‍ ആറാമതുണ്ടായിരുന്ന റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്‍റെ ഗോളിനെയാണ് രണ്ടാമത്തെ മികച്ച ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ഗോളുമായാണ് വിനീഷ്യസ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതോടെ ഹാലണ്ടിന്‍റെ ഗോള്‍ മൂന്നാമതായി.
ഓഗസ്‌റ്റ് അഞ്ചിന് ബെന്‍ഫിക്കയുടെ തട്ടകമായ എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിലായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായ ഗോള്‍ മെസി നേടിയത്. മത്സരത്തിന്‍റെ 22-ാം മിനിട്ടിലാണ് അര്‍ജന്‍റൈന്‍ ഇതിഹാസ താരം മനോഹരമായ ഗോളടിച്ചത്. എംബാപ്പെ തുടങ്ങി വച്ച മുന്നേറ്റത്തില്‍ നെയ്‌മറുടെ പാസില്‍ നിന്നാണ് മെസി ലക്ഷ്യം കണ്ടത്.