പാരിസ്: ബാലണ്‍ ദ്യോര്‍ 2023 പുരസ്‌കാരം (Ballon d'Or 2023) സ്വന്തമാക്കി അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi). മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിനെ (Erling Haaland) പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് എട്ടാം പ്രാവശ്യമാണ് മെസി ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത് (Lionel Messi Wins 8th Ballon d'Or).
നീണ്ട ഇടവേളയ്‌ക്ക് ശേഷം അർജന്‍റീനയെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ മെസിയുടെ പ്രകടനം നിർണായകമായിരുന്നു. ഇതാണ് 36-ാം വയസിലും പുരസ്‌കാരം മെസിയെ തേടിയെത്തിയത്. കഴിഞ്ഞ സീസണില്‍ 41 ഗോളുകൾ നേടിയ മെസി 26 അസിസ്റ്റുകൾ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്‍റെ താരമായിരുന്ന കരിം ബെന്‍സേമയാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ സ്‌പാനിഷ് മധ്യനിര താരം ഐതന ബോണ്‍മറ്റിയാണ് (Aitana Bonmatí) മികച്ച വനിത താരം. രാജ്യാന്തര ഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഐതനയ്ക്ക് തുണയായത്.
2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി നേരത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയത്. ഇപ്രാവശ്യത്തെ പുരസ്‌കാര നേട്ടത്തോടെ ബാലണ്‍ ദ്യോര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും മെസി മാറി. ഖത്തര്‍ ലോകകപ്പിലെയും കഴിഞ്ഞ സീസണിലെയും മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്.
ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനക്കാരാനായ എര്‍ലിങ് ഹാലന്‍ഡിന് മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി (Gerd Muller Trophy Winner 2023) നേടാനായി.റയല്‍ മാഡ്രിഡിന്‍റെ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham) ആണ് സീസണിലെ മികച്ച യുവതാരം. ജര്‍മ്മന്‍ താരം ജമല്‍ മുസ്യാലയെ (Jamal Musiala) മറികടന്നാണ് ബെല്ലിങ്‌ഹാമിന്‍റെ നേട്ടം.
മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി (Yachine Trophy 2023) സ്വന്തമാക്കിയകത് അര്‍ജന്‍റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് (Emiliano Martinez). റയലിന്‍റെ തന്നെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ക്കാണ് സോക്രട്ടീസ് പുരസ്‌കാരം ലഭിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് (Manchester City) മികച്ച പുരുഷ ക്ലബ്. മികച്ച വനിത ക്ലബായി തെരഞ്ഞെടുക്കപ്പെട്ടത് സ്പാനിഷ് ക്ലബായ ബാഴ്‌സലോണയാണ് (Barcelona).
Also Read :Manchester United vs Manchester City: 'മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ', ഓള്‍ഡ്ട്രഫോര്‍ഡില്‍ യുണൈറ്റഡിന്‍റെ കണ്ണീര്‍; തകര്‍പ്പന്‍ ജയവുമായി സിറ്റി