ബെയ്‌ജിങ് :2026 ലെ ഫിഫ ലോകകപ്പിനുണ്ടാവില്ലെന്ന സൂചന നല്‍കി കാല്‍പന്തിന്‍റെ മിശിഹ ലയണല്‍ മെസ്സി. ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകകിരീടം ചൂടിയ അര്‍ജന്‍റീനിയന്‍ നായകന്‍റെ പ്രതികരണം. ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന പ്രതികരണത്തിനൊപ്പം സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും മെസ്സി അറിയിച്ചു.
ഇത് (2022 ലെ ഖത്തര്‍ ലോകകപ്പ്) എന്‍റെ അവസാന ലോകകപ്പായിരുന്നുവെന്ന് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിരുന്നു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് ഞാന്‍ നോക്കുന്നുണ്ട്. പക്ഷേ അടുത്ത ലോകകപ്പിന് എത്തുമെന്ന് ഞാൻ കരുതുന്നില്ല എന്ന് കുവൈഷൗ ആപ്പില്‍ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കിടെ മെസ്സി സ്‌പാനിഷില്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കാല്‍പന്തിന്‍റെ മാന്ത്രികനില്ലാത്ത ലോകകപ്പിനാകും 2026 ല്‍ വടക്കേ അമേരിക്ക സാക്ഷിയാവുക എന്ന കാര്യവും ഏറെക്കുറെ ഉറപ്പായി. മാത്രമല്ല, മെസ്സിയുടെ അറിയിപ്പ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ സങ്കടപ്പെടുത്തുമെന്നതിലുപരി, നാല് ലോകകപ്പുകളില്‍ തങ്ങള്‍ തലപ്പൊക്കമായി ആനയിച്ച ലോകോത്തര സ്‌ട്രൈക്കറുടെ അഭാവം അര്‍ജന്‍റീനയെയും കുറച്ചൊന്നുമാവില്ല തളര്‍ത്തുക.
ഹൃദയം തകര്‍ക്കുന്ന പ്രതികരണങ്ങള്‍ മുമ്പും :ലോക കിരീടം മുത്തമിട്ടതിന് പിന്നാലെ ഈ വര്‍ഷം ആദ്യം അർജന്‍റീനിയൻ പത്രമായ ഒലെയോടും ലയണല്‍ മെസി ഇനിയൊരു ലോകകപ്പിനില്ലെന്ന സൂചന നല്‍കിയിരുന്നു. ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കുന്നത് "വളരെ ബുദ്ധിമുട്ടാണ്" എന്ന് വ്യക്തമാക്കിയായിരുന്നു മെസ്സിയുടെ പ്രതികരണം. എന്നാല്‍ ലോക കിരീടം ചൂടിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അര്‍ജന്‍റീനിയന്‍ ജേഴ്‌സിയില്‍ ഇനിയും ഒത്തിരി കാലം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന മെസ്സിയുടെ വാക്കുകളിലായിരുന്നു കാല്‍പന്ത് ആരാധകര്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്. എന്നിരുന്നാലും മെസ്സി പലപ്പോഴായി പറഞ്ഞ ഈ വിടവാങ്ങല്‍ സൂചനകള്‍ അതുപോലെ സംഭവിച്ചാല്‍ ലോക ഫുട്‌ബോളില്‍ ഒരു യുഗത്തിനാവും അന്ത്യമാവുക.