കേരളം

kerala

ETV Bharat / sports

മെസി മുതല്‍ മോഡ്രിച്ച് വരെ ; അവസാന ലോകകപ്പ് ഖത്തറില്‍ കളിച്ച താരങ്ങളെ അറിയാം - ഖത്തര്‍ ലോകകപ്പ്

ഖത്തറില്‍ അവസാന ലോകകപ്പ് കളിച്ച് ഫുട്‌ബോളിന്‍റെ ആഗോള വേദിയില്‍ ഇനിയൊരു അങ്കത്തിനിറങ്ങില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിരവധി താരങ്ങളുണ്ട്. ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോയുള്‍പ്പടെയുള്ള വമ്പന്മാരെ അറിയാം

Lionel Messi  Cristiano Ronaldo  players who played last World Cup in 2022  FIFA World Cup 2022  FIFA World Cup  Qatar World Cup  ലയണല്‍ മെസി  ക്രിസ്റ്റ്യാനോ റൊണാൾഡോ  നെയ്‌മര്‍  റോബർട്ട് ലെവൻഡോവ്സ്‌കി  Robert Lewandowski  ലൂക്ക മോഡ്രിച്ച്  luka modric  അവസാന ലോകകപ്പ് ഖത്തറില്‍ കളിച്ച താരങ്ങള്‍  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
അവസാന ലോകകപ്പ് ഖത്തറില്‍ കളിച്ച താരങ്ങളെ അറിയാം

By

Published : Dec 18, 2022, 1:34 PM IST

ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ന് അര്‍ജന്‍റീനയും ഫ്രാന്‍സും ഏറ്റുമുട്ടുകയാണ്. വിശ്വ കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സിറങ്ങുമ്പോള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കിരീടമാണ് അര്‍ജന്‍റീന തേടുന്നത്. അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്.

ഇതിഹാസ താരത്തിന് ഒരു വീരോചിത യാത്ര അയപ്പാവും ടീം ലക്ഷ്യം വയ്‌ക്കുന്നത്. മെസിയെപ്പോലെ ക്രിസ്റ്റ്യാനോ, നെയ്‌മര്‍, ലെവൻഡോവ്സ്‌കി, ലൂക്ക മോഡ്രിച്ച് തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഖത്തറില്‍ അവസാന ലോകകപ്പ് കളിച്ച് ഫുട്‌ബോളിന്‍റെ ആഗോള വേദിയില്‍ ഇനിയൊരു അങ്കത്തിനിറങ്ങില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്ന വമ്പന്മാരെ അറിയാം.

ലയണല്‍ മെസി

ലയണല്‍ മെസി (അര്‍ജന്‍റീന)

കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് മെസി ഖത്തറില്‍ കളിക്കുന്നത്. 2006ലായിരുന്നു താരത്തിന്‍റെ ലോകകപ്പ് അരങ്ങേറ്റം. കൈവിട്ട കിരീടങ്ങളോരൊന്നും വെട്ടിപ്പിടിച്ചാണ് 35കാരനായ മെസിക്ക് കീഴില്‍ അര്‍ജന്‍റീന ഇക്കുറി ഖത്തറിലെത്തിയത്. ഖത്തറില്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്ത് മിന്നുന്ന മെസി കിട്ടാക്കനിയായ വിശ്വകിരീടത്തില്‍ മുത്തമിട്ട് ബൂട്ടഴിക്കാമെന്നാവും പ്രതീക്ഷിക്കുന്നത്. താരം വിരമിക്കല്‍ സൂചന നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ (പോര്‍ച്ചുഗല്‍)

ഖത്തറില്‍ നിന്നും നിരാശയോടെ മടങ്ങേണ്ടി വന്ന 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് ലോകകപ്പില്‍ ഇനിയൊരു അങ്കത്തിനുള്ള ബാല്യമില്ലെന്ന് ഉറപ്പാണ്. 2006ല്‍ ലോകകപ്പ് അരങ്ങേറ്റം നടത്തിയ താരത്തിന്‍റെ അഞ്ചാം ലോകകപ്പായിരുന്നുവിത്.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും വിശ്വകിരീടം തേടിയെത്തിയ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍, ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റാണ് പുറത്തായത്. ടീമിന്‍റെ അവസാന രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബഞ്ചിലായിരുന്നു റോണോയുടെ സ്ഥാനം.

നെയ്‌മര്‍

നെയ്‌മര്‍ (ബ്രസീല്‍)

ഇനിയൊരു ലോകകപ്പില്‍ കൂടി 30കാരനായ നെയ്‌മര്‍ കളിച്ചേക്കില്ല. 2014ല്‍ ലോകകപ്പ് അരങ്ങേറ്റം നടത്തിയ നെയ്‌മറുടെ മൂന്നാം ലോകകപ്പായിരുന്നുവിത്. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായെത്തിയെങ്കിലും ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടേറ്റ തോല്‍വിയാണ് ബ്രസീലിന് മടക്ക ടിക്കറ്റ് നല്‍കിയത്. ടീമിനൊപ്പം താരം തുടരുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ അഭ്യൂഹങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.

റോബർട്ട് ലെവൻഡോവ്സ്കി

റോബർട്ട് ലെവൻഡോവ്സ്‌കി (പോളണ്ട്)

34കാരനായ ലെവൻഡോവ്സ്കി ഇനിയൊരു ലോകകപ്പില്‍ കളിക്കാനിടയില്ല. 2018ലെ റഷ്യന്‍ ലോകകപ്പിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയാണ് ലെവൻഡോവ്സ്കിയുടെ പോളണ്ട് ഖത്തറില്‍ നിന്ന് മടങ്ങിയത്.

ലൂക്ക മോഡ്രിച്ച്

ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ)

2006ല്‍ ലോകകപ്പ് അരങ്ങേറ്റം നടത്തിയ മോഡ്രിച്ച്, ഇപ്പോള്‍ 37ലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തും ഇക്കുറി മൂന്നാമതുമെത്തിച്ചതില്‍ മോഡ്രിച്ചിന്‍റെ പങ്ക് വലുതാണ്. റഷ്യന്‍ ലോകകപ്പില്‍ ഗോൾഡൻ ബോൾ ജേതാവ് കൂടിയായിരുന്നു.

മാനുവൽ ന്യൂയർ

മാനുവൽ ന്യൂയർ (ജർമനി)

2010ലാണ് ന്യൂയര്‍ ആദ്യമായി ലോകകപ്പില്‍ ജര്‍മനിയുടെ വലകാക്കാന്‍ ഇറങ്ങിയത്. തൊട്ടടുത്ത ലോകകപ്പില്‍ ടീം കിരീടമുയര്‍ത്തുമ്പോള്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ താരമുണ്ടായിരുന്നു. അടുത്ത ലോകകപ്പാവുമ്പോള്‍ താരത്തിന് 40 വയസ് തികയും. ഫുട്‌ബോളിന്‍റെ ആഗോള വേദിയില്‍ ഇനി താനുണ്ടാവില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.

ലൂയിസ് സുവാരസ്

ലൂയിസ് സുവാരസ് (ഉറുഗ്വേ)

35കാരനായ സുവാരസ് ഇനിയൊരു ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്. 2010ല്‍ ലോകകപ്പ് അരങ്ങേറ്റം നടത്തിയ താരത്തിന്‍റെ കരിയര്‍ ഏറെ വിവാദങ്ങളും നിറഞ്ഞതാണ്. 2010-ൽ ഘാനയ്‌ക്കെതിരായ ഗോൾ-ലൈൻ സേവ് സുവാരസിന്‍റെ കരിയറിലെ ഒരു സുപ്രധാന അധ്യായമാണ്. 2014 ബ്രസീൽ ലോകകപ്പിലെ മത്സരത്തിനിടെ ഇറ്റാലിയൻ ഡിഫൻഡർ ജോർജിയോ ചില്ലെനിയെ സുവാരസ് കടിച്ച സംഭവവും ഏറെ ചര്‍ച്ചയായിരുന്നു.

തിയാഗോ സിൽവ

തിയാഗോ സിൽവ (ബ്രസീൽ)

പ്രായത്തെയടക്കം വെല്ലുവിളിച്ച് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായാണ് സില്‍വ ഖത്തറിലെത്തിയത്. റഷ്യയിലേതാവും താരത്തിന്‍റെ അവസാന ലോകകപ്പെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഇക്കുറിയും ടിറ്റെയുടെ സംഘത്തിന്‍റെ നായകനായിരുന്നു. എന്നാല്‍ ക്വാര്‍ട്ടറിലെ തോല്‍വിയോടെ താരത്തിന്‍റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു.

കരീം ബെൻസിമ

കരീം ബെൻസിമ (ഫ്രാൻസ്)

ക്ലബ് കരിയറിലെ തിളക്കത്തില്‍ ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസിമയ്ക്ക് ഫ്രാൻസിനായി ഒരു നിർണായക ടൂർണമെന്‍റ് ഇതുവരെ ഉണ്ടായിട്ടില്ല. വിവാദങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് കിരീടം ചൂടിയ 2018ലെ ലോകകപ്പില്‍ നിന്നും താരം മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. ഇക്കുറി ഫ്രാന്‍സ് സ്ക്വാഡില്‍ ഇടം നേടിയെങ്കിലും 34 കാരന് ഒരൊറ്റ മത്സരവും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയൊരു ലോകകപ്പിനുള്ള ബാല്യം ബെൻസിമയ്ക്കുണ്ടോയെന്ന് സംശയമാണ്.

എയ്ഞ്ചല്‍ ഡി മരിയ

Also read:മാന്ത്രികതയൊളിപ്പിച്ച ആ ഇടംകാലിന്‍റെ 'ഒടിവിദ്യ'യിലാണ് ഒരു ജനതയുടെ പ്രതീക്ഷയത്രയും ; 'കിട്ടാക്കനി'യുടെ കണക്കുതീര്‍ക്കാന്‍ മെസി

എയ്ഞ്ചല്‍ ഡി മരിയ (അര്‍ജന്‍റീന)

മെസിക്കൊപ്പം അര്‍ജന്‍റീനയ്‌ക്ക് നഷ്‌ടപ്പെട്ട ഓരോ കിരീടങ്ങളും വെട്ടിപ്പിടിക്കുമ്പോള്‍ ഡി മരിയയും കൂട്ടിനുണ്ടായിരുന്നു. ഖത്തറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്കേറ്റ 34കാരനായ താരം തുടര്‍ന്നുള്ള മത്സരങ്ങളില്‍ പുറത്തിരുന്നു. ലയണല്‍ സ്‌കലോണിയുടെ സംഘത്തിനൊപ്പം വിശ്വകിരീടം നേടി ബൂട്ടഴിക്കാനാവും മരിയയും കാത്തിരിക്കുന്നത്.

മറ്റ് പ്രധാന താരങ്ങള്‍ : പെപ്പ (പോര്‍ച്ചുഗല്‍), മാറ്റ്സ് ഹമ്മൽസ് (ജര്‍മനി), തോമസ് മുള്ളര്‍ (ജര്‍മനി), മായാ യോഷിദ (ജപ്പാന്‍), സെർജിയോ ബുസ്‌കെറ്റ്സ് (സ്‌പെയിന്‍), ഒലിവിയർ ജിറൂദ് (ഫ്രാന്‍സ്), ജോർഡി ആൽബ (സ്‌പെയിന്‍), ഈഡൻ ഹസാർഡ് (ബെല്‍ജിയം), ഡാനിഷ് ആൽവസ് (ബ്രസീല്‍), എഡിൻസൺ കവാനി (ഉറുഗ്വേ).

ABOUT THE AUTHOR

...view details