ലിസ്‌ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പിഎസ്‌ജിക്ക് സമനില. ബെൻഫികക്കെതിരായ മത്സരത്തിൽ 1-1 ന്‍റെ സമനിലയാണ് പിഎസ്‌ജി വഴങ്ങിയത്. ലയണൽ മെസിയുടെ മനോഹരമായ ഗോളിന് മുന്നിലെത്തിയ പിഎസ്‌ജിയെ ഡാനിലോയുടെ സെൽഫ് ഗോളിലൂടെയാണ് ബെൻഫിക ഒപ്പമെത്തിയത്.
ലിസ്‌ബണിൽ ആദ്യം ഇരുപത് മിനുറ്റുകളിൽ ബെൻഫികയുടെ മൂന്നേറ്റമായിരുന്നു കാണാനായത്. 8, 14 മിനുറ്റുകളിൽ ഗോൺസലോ റാമോസിന്‍റെ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് പിഎസ്‌ജി ഗോൾകീപ്പർ ഡൊണറുമ്മ രക്ഷപ്പെടുത്തിയത്.
പതിയെ പന്ത് കൈവശം വെച്ച് മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്‌ജി 22-ാം മിനുറ്റിലാണ് ലീഡെടുത്തത്. മെസി - എംബപ്പെ - നെയ്‌മർ ത്രയത്തിന്‍റെ മനോഹരമായ മുന്നേറ്റത്തിനൊടുവിലാണ് ഗോൾ പിറന്നത്. മൈതാന മധ്യത്തിൽ നിന്നും പന്തുമായി കുതിച്ച മെസി നൽകിയ പാസ് നെയ്‌മറിലെത്തി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ നെയ്‌മർ നൽകിയ പാസ് ഗോൾകീപ്പർക്ക് അവസരം നൽകാതെ മനോഹരമായ കേർളിങ് ഷോട്ടിലൂടെ വലയിലെത്തിച്ചു.