ബ്യൂണസ് അയേർസ്: രാജ്യാന്തര ഫുട്ബോൾ കരിയറിൽ നൂറ് ഗോൾ തികച്ച് അർജന്‍റീനന്‍ സൂപ്പർ താരം ലയണൽ മെസി. കുറസാവോക്കെതിരായ സൗഹൃദ മത്സരത്തിൽ ഹാട്രിക്കുമായാണ് അർജന്‍റീനൻ നായകന്‍റെ ചരിത്ര നേട്ടം. 174 മത്സരങ്ങളിൽ നിന്നാണ് ലയണൽ മെസി ഈ നേട്ടത്തിലെത്തിയത്. കുറസാവോക്കെതിരായി ഹാട്രിക് നേടിയതോടെ മെസിയുടെ ആകെ ഗോൾ നേട്ടം 102 ആയി.
മത്സരത്തിന്‍റെ 20-ാം മിനിറ്റിൽ നേടിയ ഗോളിലാണ് മെസി ചരിത്ര നേട്ടത്തിലെത്തിയത്. മിഡ്‌ഫീൽഡർ ലോ സെല്‍സോയില്‍ നിന്നും പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നു വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ.
100 അന്താരാഷ്ട്ര ഗോളുകൾ തികയ്‌ക്കുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസി. പോർച്ചുഗൽ സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ താരം അലി ദേയ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 2020 സെപ്റ്റംബറിൽ സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോ പോർച്ചുഗൽ ജഴ്‌സിയിൽ 100 ഗോളുകൾ തികച്ചത്. നിലവിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ സജീവമായ താരങ്ങളിൽ പുരഷ താരങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൊണാൾഡോ. 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകളാണ് ഇതുവരെ ദേശീയ ടീമിനായി റൊണാൾഡോ നേടിയിട്ടുള്ളത്.
2007 ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച ഇറാൻ താരം അലി ദേയി 109 ഗോളുകളുമായി പട്ടികയിൽ രണ്ടാമതാണ്. 100 ഗോളുകൾ തികയ്ക്കുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ പുരുഷ താരവും രാജ്യത്തിനായി 109 ഗോളുകൾ നേടിയ ബ്രസീലിന്‍റെ വനിത താരം മാർത്തയ്ക്ക് പിന്നിൽ രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരവുമാണ് 35കാരനായ മെസി.