ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഫ്രാന്‍സിനെ കീഴക്കി 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആഹ്ലാദത്തിമിർപ്പിലാണ് അർജന്‍റീനയും ആരാധകരും. പലവട്ടം നഷ്‌ടപ്പെട്ട വിശ്വകിരീടം കടുത്ത പോരാട്ടത്തിനൊടുവിലാണ് അര്‍ജന്‍റീന സ്വന്തമാക്കിയത്. ഈ നേട്ടം ഡ്രസിങ് റൂമിൽ ആഘോഷിക്കുന്ന അര്‍ജന്‍റീനന്‍ നായകന്‍ മെസിയുടേയും സംഘത്തിന്‍റേയും വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
ഡ്രസിങ് റൂമിലെ മേശക്ക് മുകളിൽ കപ്പുമായി കയറുന്ന മെസി പാട്ടുപാടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സഹതാരങ്ങളും മെസിയോടൊപ്പം നൃത്തത്തിൽ ചേരുന്നുണ്ട്. ലോകകപ്പില്‍ തങ്ങളുടെ മൂന്നാം കിരീടം 35കാരനായ മെസിയുടെ മികവിലാണ് അര്‍ജന്‍റീന സ്വന്തമാക്കുന്നത്.
ടീമിനെ മുന്നില്‍ നിന്ന് നയിച്ച മെസി ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി ടൂര്‍ണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന ജയം പിടിച്ചത്. നിശ്ചിത സമയത്തും (2-2) അധികസമയത്തും (3-3) ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.
ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കായി വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.
Also read:'വിശ്വജേതാക്കളുടെ ജഴ്‌സിയില്‍ തുടരണം' ; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി